നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തി കേഴുന്ന മുഖവുമായി ഫാ. ടോം ഉഴുന്നാലിൽ

കഴിഞ്ഞ 10 മാസം മുമ്പ് തെക്കൻ യമനില്‍ നിന്ന് ഭീകരർ തട്ടിക്കൊണ്ടു പോയ ഫാദർ ടോം ഉഴുന്നാലിലിന്റെ അഞ്ചു മിനിറ്റിലേറെ ദൈർഘ്യമുള്ള വീഡിയോ പുറത്തു വന്നു. സലേഹ് സലേം എന്നയാളിന്റെ പേരിലുള്ള അക്കൌണ്ടില്‍ നിന്നാണ് വീഡിയോ ക്രിസ്മസ് ദിനത്തില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. ആരാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത് എന്നോ എവിടെ നിന്നാണ് ഇതു ചിത്രീകരിച്ചതെന്നോ വ്യക്തമല്ല.

തന്നെ രക്ഷിക്കാന്‍ ആരും ശ്രമിക്കാത്തതു ഇന്ത്യക്കാരനായതു കൊണ്ടാണെന്ന് ഫാ. ടോം വീഡിയോ സന്ദേശത്തിലൂടെ പറയുന്നു. തന്നെ തട്ടിക്കൊണ്ടുപോയവര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടിട്ടും സര്‍ക്കാര്‍ ഉർജ്ജസ്വലമായ നടപടി സ്വീകരിക്കുന്നില്ല. മറ്റേതെങ്കിലും രാജ്യക്കാരനായിരുന്നുവെങ്കില്‍ തീർച്ചയായും സഹായം ലഭിച്ചേനെ. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയെയും തട്ടിക്കൊണ്ടു പോയപ്പോൾ ഫ്രഞ്ച് സര്‍ക്കാര്‍ ഇടപെട്ട് അവരെ മോചിപ്പിച്ചു. തന്നെ സഹായിക്കാന്‍ ആരും ഇല്ലെന്നും ഫാദര്‍ ടോം ഉഴുന്നാല്‍ . തന്റെ ആരോഗ്യം വളരെ ക്ഷയിച്ചു വരികയാണെന്നും വൈദ്യസഹായം വേണമെന്നും വീഡിയോയിലൂടെ ടോം ആവശ്യപ്പെടുന്നുണ്ട്.

സലേഷ്യൻ ഡോൺ ബോസ്കോ വൈദികനാണു ഫാദർ ടോം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 4 നാണു ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ വൃദ്ധസദനത്തിൽനിന്നു ഫാ. ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ നിസ്സംഗതയ്ക്കെതിരായ കുറ്റപത്രമാണ് ഫാദർ ടോമിന്റെ വീഡിയോ സന്ദേശം എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. എന്നാൽ കേന്ദ്ര സര്‍ക്കാറിലൂടെ സി.ബി.സി.ഐയും സതേണ്‍ അറേബ്യയുടെ വികാരിയേറ്റ് വഴി വത്തിക്കാനും ഫാദറിനെ മോചിപ്പിക്കാനുള്ള നിരന്തര ശ്രമം തുടരുന്നു എന്നും വാർത്തകൾ ഉണ്ട് . ഇതേ സമയം ഫാദർ ടോമിന്റെ വിഡിയോ ദൃശ്യങ്ങള്‍ വിശ്വാസി സമൂഹത്തിന്‍െറ വേദന വര്‍ധിപ്പിക്കുന്നതാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. യമനിലെ ഭരണകൂടവുമായി ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിനുള്ള ബുദ്ധിമുട്ടുകളാണ് ഫാദർ ടോമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ വേഗത കുറക്കുന്നതു .