വിഷമയമായ ടൂത്ത്പേസ്റ്റ്, ആയുധമേന്തിയ ഡ്രോണുകൾ, പൊട്ടിത്തെറിക്കുന്ന സെൽഫോണുകൾ, റിമോട്ട് കൺട്രോൾ ബോംബുകൾ ഘടിപ്പിച്ച ടയറുകൾ

poison thoothpaste

വിഷമയമായ ടൂത്ത്പേസ്റ്റ്, ആയുധമേന്തിയ ഡ്രോണുകൾ, പൊട്ടിത്തെറിക്കുന്ന സെൽഫോണുകൾ, റിമോട്ട് കൺട്രോൾ ബോംബുകൾ ഘടിപ്പിച്ച ടയറുകൾ – ഇതു ജയിംസ് ബോണ്ട് സിനിമയിലെ സന്നാഹങ്ങളല്ല, ഇസ്രയേലിന്റെ ആയുധശേഖരത്തില്‍ ഉൾപ്പെടുന്നവയാണ്. ഇസ്രയേലിലെ പ്രശസ്ത മാധ്യമപ്രവർത്തകനായ റോണെൻ ബെർഗ്മാന്റെ പുതിയ പുസ്തകത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. ഇസ്രയേൽ ചാരസംഘടന മൊസാദ്, സുരക്ഷാ ഏജൻസി ഷിൻ ബെറ്റ് തുടങ്ങിയവയിലെ അംഗങ്ങളും സൈനികരുമുൾപ്പെടെ നിരവധിപ്പേരുമായി അഭിമുഖം നടത്തിയാണ് ‘റൈസ് ആൻഡ് കിൽ ഫസ്റ്റ്’ എന്ന പുസ്തകം ബെർഗ്മാൻ പുറത്തിറക്കിയിരിക്കുന്നത്. അറുനൂറിലേറെ പേജുള്ള പുസ്തകത്തിൽ ആയിരത്തോളം അഭിമുഖങ്ങളിൽനിന്നും ആയിരക്കണക്കിനു രേഖകൾ പരിശോധിച്ചതിൽനിന്നുമുള്ള വിവരങ്ങള്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ 70 വർഷത്തെ ചരിത്രത്തിൽ ഇസ്രയേൽ കുറഞ്ഞത് 2,700 കൊലപാതക പദ്ധതികളും മറ്റും ഇത്തരം മാർഗങ്ങൾ ഉപയോഗിച്ചു നടത്തിയിട്ടുണ്ടെന്നു പുസ്തകത്തിൽ പറയുന്നു. ഇതിൽ പലതും പരാജയപ്പെട്ടിട്ടുണ്ടെങ്കിലും മറ്റേതൊരു പാശ്ചാത്യ രാജ്യവുമായി തട്ടിച്ചുനോക്കിയാൽ ഇത്തരം ആയുധക്കോപ്പുകൾ ഇസ്രയേൽ ശേഖരിച്ചുകൊണ്ടേയിരിക്കുന്നു. യുദ്ധസമയത്ത്, ശത്രു രാജ്യങ്ങളിലെ ശാസ്ത്രജ്ഞരെ ഇസ്രയേൽ കൊലപ്പെടുത്തിയിരുന്നതായി പുസ്തകം പറയുന്നു. അര ഡസനോളം ഇറാനിയൻ ആണവശാസ്ത്രജ്ഞരെ ഇങ്ങനെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. സൈനികമായി ആക്രമിച്ച് ശത്രുരാജ്യത്തെ പരാജയപ്പെടുത്തുന്നതിനു പകരം അവരുടെ പ്രതിഭാധനരെ വധിക്കുന്നതുൾപ്പെടെയുള്ള പരോക്ഷ യുദ്ധമാണ് ഇസ്രയേൽ ചെയ്തുവന്നിരുന്നത്. പലസ്തീൻ നേതാവ് യാസർ അറാഫത്തിനെ ‘റേഡിയേഷൻ‌ വിഷം’ ഉപയോഗിച്ച് ഇസ്രയേൽ കൊലപ്പെടുത്തിയതാണെന്നും പുസ്തകത്തിൽ വെളിപ്പെടുത്തലുണ്ട്. മുൻപും ഇതേ ആരോപണം ഉയർന്നിട്ടുണ്ടെങ്കിലും അത് ഇസ്രയേൽ നിഷേധിച്ചിരുന്നു. 2004ൽ അറാഫത്ത് മരിച്ചത് ഇസ്രയേലിന്റെ നീക്കങ്ങളുടെ ഫലമാണെന്നും ബെർഗ്മാൻ പറയുന്നു. എന്നാൽ ആ നീക്കങ്ങൾ ബെർഗ്മാൻ വെളിപ്പെടുത്തുന്നില്ല. ഇസ്രയേലിലെ സൈനിക സെൻസർഷിപ് അതു വെളിപ്പെടുത്തുന്നതിൽനിന്നു തന്നെ തടയുന്നുവെന്നു ബെർഗ്മാൻ വ്യക്തമാക്കുന്നു. യഹൂദരുടെ നിയമഗ്രന്ഥമായ തൽമൂദിലെ പ്രബോധനത്തിൽനിന്നുൾക്കൊണ്ട ആശയമാണ് പുസ്തകത്തിന്റെ പേരായി മാറിയത്. ‘ആരെങ്കിലും നിന്നെ കൊലപ്പെടുത്താൻ വന്നാൽ ഉയിർത്തെഴുന്നേറ്റ് അവരെ ആദ്യം കൊല്ലുക’ എന്നാണ് പ്രബോധനം പറയുന്നത്. പുസ്തകവുമായി ബന്ധപ്പെട്ട് സംസാരിച്ച പലരും തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ ഈ പ്രബോധനമാണ് കൂട്ടുപിടിച്ചതെന്നും ബെർഗ്മാൻ വ്യക്തമാക്കി. സൈന്യത്തിന്റെ അഭിഭാഷകനും ഈ പ്രബോധനത്തെ കൂട്ടുപിടിച്ചു സ്വയം ന്യായീകരിച്ചതായി ബെർഗ്മാൻ പറയുന്നുണ്ട്. പുസ്തകത്തിനു വിവരങ്ങൾ ശേഖരിക്കുന്നതിനായി മുൻ പ്രധാനമന്ത്രിമാരായ എഹൂദ് ബാറാക്കും എഹൂദ് ഒൽമെർട്ടും ഉൾപ്പെടെയുള്ളരുമായും ബെർഗ്മാൻ സംസാരിച്ചിരുന്നു. എന്നാൽ ബെർഗ്മാനെ വിവരങ്ങൾ ശേഖരിക്കുന്നതിൽനിന്നു വിലക്കാനും ശ്രമങ്ങളുണ്ടായി. വിവരങ്ങൾ കൈമാറരുതെന്നു ചാരസംഘടനകൾ പല ഏജന്റുമാരോടും ആവശ്യപ്പെട്ടു. ബെർഗ്മാന്റെ ഗവേഷണത്തിനു തടയിടാനുള്ള നടപടികൾക്കായി 2010ൽ ചാരസംഘടനകൾ യോഗം ചേർന്നിരുന്നു. സെപ്റ്റംബർ 11 ആക്രമണത്തിനുശേഷം ഇസ്രയേലിന്റെ പല സാങ്കേതികവിദ്യകളും യുഎസ് സ്വീകരിച്ചു. ബറാക്ക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ നിരവധിപ്പേരെ ലക്ഷ്യമിട്ടുള്ള കൊലപാതക പദ്ധതികളും തയാറാക്കി. യുഎസിന്റെയും സഖ്യകക്ഷികളുടെയും കൈവശമുള്ള കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങൾ, യുദ്ധമുറികൾ, വിവരങ്ങൾ കണ്ടെത്താനുള്ള വഴികൾ, പൈലറ്റില്ലാ വിമാനങ്ങളുടെ സാങ്കേതിക വിദ്യ തുടങ്ങിയ പലതും ഇസ്രയേൽ വികസിപ്പിച്ചെടുത്തവയാണ്. അതേസമയം, വിവിധ ചാരസംഘടനകളെക്കുറിച്ചും അവരുടെ തന്ത്രങ്ങളെക്കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. 1970കളിൽ വിവിധ രാജ്യങ്ങളിലായി നൂറുകണക്കിനു കമ്പനികൾ മൊസാദ് രൂപീകരിച്ചിരുന്നു. എന്നെങ്കിലും എവിടെയെങ്കിലും സഹായകരമാകുമെന്ന വിലയിരുത്തലിലായിരുന്നു ഇത്. അന്നു രൂപീകരിച്ച മധ്യപൂർവേഷ്യ കപ്പൽ ബിസിനസ് പിന്നീട് യെമൻ കടലിൽ പ്രവർത്തിച്ചിരുന്ന സംഘത്തിനു വളരെ സഹായകമായെന്നും പുസ്തകത്തിൽ പറയുന്നു.