ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍ നടക്കുന്ന കുത്തിയോട്ടം എന്ന ചടങ്ങിനെതിരെ ഡിജിപി ആര്‍ ശ്രീലേഖ. കുട്ടികള്‍ക്കെതിരെ നടക്കുന്ന ക്രൂരത തടയണം എന്നാവശ്യപ്പെടുന്ന ഡിജിപി കോടതിയുടെ ഉത്തരവ് ഓര്‍മിപ്പിക്കുന്നു. ആറ്റുകാല്‍ അമ്പലം എന്നത് സ്ത്രീകളുടെ ശബരിമല എന്നാണ് വിളിക്കപ്പെടുന്നതെങ്കിലും കുട്ടികളുടെ ജയില്‍ എന്നും വിളിക്കപ്പെടേണ്ടിവരില്ലേ എന്നും ശ്രീലേഖ ചോദിക്കുന്നു. ശാരീരികവും മാനസികവുമായ പീഡനമാണ് കുട്ടികള്‍ക്ക് ഇത് നല്‍കുന്നത്. അഞ്ചുവയസിനും 12 വയസിനും ഇടയിലുള്ള കുട്ടികളെ അഞ്ച് ദിവസത്തേക്ക് കഠിനമായ ചിട്ടവട്ടങ്ങളിലൂടെ കടന്നുപോകാന്‍ നിര്‍ബന്ധിതരാക്കുന്നു. ഈ അഞ്ച് ദിവസത്തേക്ക് അവര്‍ക്ക് മാതാപിതാക്കളെ കാണാന്‍ പോലും അനുവാദമുണ്ടായിരിക്കില്ല. ശ്രീലേഖ വിശദമായി ബ്ലോഗില്‍ വ്യക്തമാക്കി. മഞ്ഞ വസ്ത്രവും ആഭരണങ്ങളും പൂമാലയും ധരിച്ച് ഇവര്‍ അതിക്രൂരമായ മറ്റൊരു ചടങ്ങിലേക്ക് ആനയിക്കപ്പെടുന്നു. അവരുടെ ശരീരത്തിലൂടെ ഒരു കൊളുത്ത് ഇറക്കി അതിലൂടെ നൂല് കോര്‍ക്കുന്നു. സ്വര്‍ണമോ വെള്ളിയോ നൂലാണ് കുട്ടികളുടെ ശരീരത്തിലൂടെ ഇറക്കുക. ഇങ്ങനെ ഏറ്റവും ക്രൂരമായ ഒരു ഘട്ടത്തിലൂടെ കുട്ടികള്‍ കടന്നുപോകും. രണ്ടുവര്‍ഷം മുമ്പുതന്നെ ഈ ചടങ്ങ് ബാലാവകാശ കമ്മീഷന്‍ നിരോധിച്ചു. പിന്നീട് ഹൈക്കോടതിയും ബാലാവകാശ കമ്മീഷന്റെ നിലപാടിനോട് യോജിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപിച്ചു. ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ടും ചൈല്‍ഡ് വെന്‍ഫയര്‍ കമ്മീഷന്‍ ആക്ടും പ്രകാരവും ആറ്റുകാലിലെ ഈ അനാചാരം ശിക്ഷാര്‍ഹമാണ് എന്നും ശ്രീലേഖ ചൂണ്ടിക്കാണിക്കുന്നു.
കുത്തിയോട്ടം, കുട്ടികള്‍ക്കെതിരെ നടക്കുന്ന ക്രൂരത- ഡിജിപി ആര്‍ ശ്രീലേഖ
RELATED ARTICLES