കേരളത്തിലെ ചില ഹിന്ദു, ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ കൊലപ്പെടുത്താനും അഹമ്മദീയ പള്ളികൾക്കു തകർക്കാനും ഐഎസ് ഭീകരർ കരുക്കൾ നീക്കിയിരുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കഴിഞ്ഞ ഫെബ്രുവരിയിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്ത കാസർകോട് സ്വദേശി മൊയ്നുദീൻ പാറക്കടവത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.
കൊച്ചിയിൽ രാഹുൽ ഈശ്വർ കഴിഞ്ഞ വർഷം പങ്കെടുത്ത ജമാഅത്തെ ഇസ്‍ലാമി നടത്തിയ പരിപാടിയിൽ ആക്രമണം നടത്തണമെന്ന് ഐഎസ് അംഗങ്ങൾ ഉൾപ്പെട്ട ഓൺലൈൻ ഗ്രൂപ്പിൽ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.എന്നാൽ ആക്രമണം നടപ്പിലാക്കുവാൻ കഴിഞ്ഞില്ല.
ടെഹ്റാൻ വഴി ഐഎസ് ആസ്ഥാനത്തേക്കുള്ള യാത്രയ്ക്കിടയിൽ ഐഎസ് ആഭിമുഖ്യമുള്ള അഞ്ചു മലയാളികളെ 2016 ജൂണിൽ കണ്ടുമുട്ടിയതായി മൊയ്നുദീൻ പറഞ്ഞു. കാസർകോട് സ്വദേശി ഷജീർ മംഗലശേരി അബ്ദുല്ലയും ഒപ്പമുണ്ടായിരുന്നു. മലയാളികളായ ഡോ. ഇജാസ്, മർവാൻ, മൻസദ്, ഹഫീസുദീൻ എന്നിവരെയാണു കണ്ടത്. സംഘത്തിലെ അഞ്ചാമന്റെ പേര് ഓർക്കുന്നില്ലെന്നും ഇയാൾ പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ അബുദാബിയിൽ വച്ച് അറസ്റ്റിലായ മൊയ്നുദീനെ ഫെബ്രുവരിയിലാണ് ഇന്ത്യയ്ക്കു കൈമാറിയത്.