ഡെബ്ബി ചുഴലിക്കാറ്റ് ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലൻഡ് തീരത്തെത്തി. പ്രശസ്തമായ ഹാമിൾട്ടണ്‍ ദ്വീപിൽ മണിക്കൂറിൽ 263 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റ് ക്യൂൻസ്‌ലൻഡിലെ എയർളി ബീച്ചിലും ബോവെനിലും വൻ നാശം വിതയ്ക്കുന്നതായാണ് റിപ്പോർട്ട്. മണിക്കൂറിൽ 272 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് തീരത്തെത്തിയത്.
ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്നു ഓസ്ട്രേലിയയിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 25,000 ഓളം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. ചുഴലിക്കാറ്റ് വലിയ നാശനഷ്ടം വിതച്ചതായാണ് റിപ്പോർട്ട്. കാറ്റ് ശക്തിയാർജിച്ചതോടെ 23,000 വീടുകളുടെ വൈദ്യുതി ബന്ധം താറുമാറായി.
ഭീതിയെ തുടർന്ന് ടൗണ്‍വില്ല, മക്കയ് വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി. ക്യൂൻസ്‌ലൻഡിലെ സ്കൂളുകൾക്കു സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു.