പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

chithra

പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി. ഇന്ത്യയുടെ കായിക ലോകത്ത് അഭിമാനതാരകമാണ് പാലക്കാട് ജില്ലയിലെ മുണ്ടൂർ സ്വദേശിനിയായ പി യു ചിത്ര. കാൽപ്പാദങ്ങളിൽ സ്വർണം വിരിയിച്ച് ഈ 22 കാരി തന്റെ തേരോട്ടം തുടരുകയാണ്. മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ മുറ്റത്ത് ഓടിക്കളിച്ച ഈ പെൺ ചീറ്റപ്പുലി പിന്നീടിങ്ങോട്ട് തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു. എന്നാൽ, അപ്രതീക്ഷിത തിരിച്ചടിയായി ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ നിന്നും തഴയപ്പെട്ട കേരളത്തിന്റെ ഈ അഭിമാനതാരം നിയമത്തിന്റെ വഴിയിൽ പോരാട്ടം നടത്തി വിജയിച്ചു.

1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെതിരെ ചിത്ര ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചിത്രയെ ഒഴിവാക്കി അനര്‍ഹരെ ഉള്‍പ്പെടുത്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അനുകൂല വിധി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ചിത്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞവർഷം ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണം നേടിയ ചിത്ര “ഏഷ്യയുടെ ദൂരങ്ങളുടെ രാജകുമാരി” എന്ന പേരിലൂടെ ആദരിക്കപ്പെട്ടു. വെറും 4.17.92 സെക്കന്റുകൾ കൊണ്ടാണ് ചിത്രം ഏവരേയും അതിശയിപ്പിക്കുന്ന ഈ നേട്ടം സ്വന്തമാക്കിയത്. പാലക്കാട്ടെ മുണ്ടൂരെന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് ലോക അത്‌ലറ്റിക്സിന്റെ നെറുകയിലേക്ക് തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുകയാണ് ചിത്രയെന്ന വിസ്മയതാരം.

ട്രാക്കിൽ നിൽക്കുമ്പോൾ ഈ പീക്കിരിപ്പെണ്ണ് എന്തു ചെയ്യാൻ പോവുന്നു എന്ന സന്ദേഹവും പുച്ഛവുമായി നിൽക്കുന്ന കാണികൾക്കു മുന്നിലൂടെ അവൾ സ്വർണപ്പതക്കവും കൊയ്തെടുത്തു പോവുന്ന ദൃശ്യങ്ങൾക്കാണ് പല സംസ്ഥാന-ദേശീയ-അന്തർദേശീയ അത്‌ലറ്റിക് മീറ്റുകളും സാക്ഷിയായത്. മെഡൽ സാധ്യതയില്ലെന്നു പറഞ്ഞ് പി യു ചിത്രയെ ലോക ചാമ്പ്യൻഷിപ്പിൽ നിന്നും മാറ്റിനിർത്തുമ്പോൾ ഒരു നാടൊട്ടാകെ അവൾക്കൊപ്പമുണ്ട്. അവൾ ഇതുവരെ നേടിയ മെഡലുകൾ ഈ പൊള്ളവാദത്തിനു നേരെയുള്ള ചോദ്യചിഹ്നമാണ്. യോഗ്യതയില്ലെന്ന് ആരോപിച്ച് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ ഒഴിവാക്കിയതിനുള്ള ചുട്ട മറുപടിയാണ് ഹൈക്കോടതി ഉത്തരവ്. പി.ടി ഉഷ ഉള്‍പ്പെട്ട സമിതിയാണ് ചിത്രയെ ഒഴിവാക്കിയത്. ഇത് വന്‍ വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി എസി മൊയ്തീനും വിഷയത്തില്‍ ഇടപെട്ടിരുന്നു. എംബി രാജേഷ് എംപിയും വിഷയത്തില്‍ ഇടപെട്ടു. അതേസമയം ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള താരങ്ങളെ തെരഞ്ഞെടുത്ത കമ്മറ്റിയില്‍ താന്‍ ആരുമല്ലായിരുന്നു എന്നാണ് ഉഷയുടെ വാദം.
മുതിര്‍ന്ന താരങ്ങള്‍ പിന്നാലെ വരുന്ന ഇളം തലമുറകളെ കൂടി ഒരേമനസ്സോടെ കാണണം. വ്യക്തികള്‍ക്കല്ല കായികതാരങ്ങള്‍ക്കാണ് പ്രാധാന്യം എന്നും കിടമത്സരങ്ങളും വിധ്വേഷവും അടക്കമുള്ള ദുഷ്പ്രവണതകള്‍ വച്ച് പുലര്‍ത്താന്‍ കഴിയില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.