Friday, December 6, 2024
HomeKeralaഅപ്പുണ്ണിക്കു മുന്‍കൂര്‍ ജാമ്യം ഇല്ല; സുനിയുമായി കൂടിക്കാഴ്ച നടത്തിയന് തെളിവ്

അപ്പുണ്ണിക്കു മുന്‍കൂര്‍ ജാമ്യം ഇല്ല; സുനിയുമായി കൂടിക്കാഴ്ച നടത്തിയന് തെളിവ്

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. അപ്പുണ്ണിയെ ചോദ്യം ചെയ്യണമെന്നും എങ്കില്‍ മാത്രമേ ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്ന് പറയാനാവുകയുള്ളു എന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അപ്പുണ്ണിക്ക് വേണമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകാമെന്നും ചോദ്യം ചെയ്യുമ്പോള്‍ അപ്പുണ്ണിയെ ഉപദ്രവിക്കരുതെന്നും കോടതി അറിയിച്ചു. അപ്പുണ്ണിയെ പ്രതിയാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമെന്നും അപ്പുണ്ണി പ്രതിയാകുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പള്‍സര്‍ സുനിക്ക് പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചതും അപ്പുണ്ണിയാണെന്നാണ് വിവരം. പള്‍സറുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതിനും ഫോണ്‍ സംഭാഷണത്തിനും പൊലീസിന്റെ കൈവശം തെളിവുകളുണ്ട്. അന്വേഷണ സംഘം രണ്ടാമത് ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും ഇയാള്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ഏലൂരിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടാതെ അപ്പുണ്ണിയെ നിലവില്‍ കിട്ടിക്കൊണ്ടിരുന്ന അഞ്ച് മൊബൈല്‍ ഫോണ്‍ കണക്ഷനുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഒളിവില്‍ നിന്നാണ് അപ്പുണ്ണി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അപ്പുണ്ണി ഒളിവില്‍ കഴിയുന്നത് നിലമ്പൂരിലാണെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയതോടെ അപ്പുണ്ണിയെ പിടികൂടാന്‍ പൊലീസ് വല വിരിച്ചു കഴിഞ്ഞു. നാടുകാണി ചുരത്തിനു സമീപം തമിഴ്‌നാട് അതിര്‍ത്തിയിലെ ദേവാല എന്ന സ്ഥലത്ത് അപ്പുണ്ണിയെ കണ്ടതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ മറ്റു പ്രതികളുമായി ബന്ധിപ്പിക്കുന്ന കണ്ണി അപ്പുണ്ണിയാണ്. അതിനാല്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യാനായാല്‍ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments