ഓണം-ബക്രീദ് ഖാദിമേളയ്ക്ക് ജില്ലയില്‍ തുടക്കം

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഓണം-ബക്രീദ് ഖാദിമേള തുടങ്ങി. ഇലന്തൂര്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍വര്‍ഷങ്ങളിലെ പോലെ വേണ്ടത്ര പിന്തുണ പൊതുസമൂഹത്തില്‍ നിന്നും ഉണ്ടാകണമെന്നും ഖാദി മേഖലയെ സംബന്ധിച്ച് ഇതു ചെറുത്തുനില്‍പ്പിന്റെയും അതിജീവനത്തിന്റെയും ഘട്ടമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.  ആഗസ്റ്റ് 30 വരെ നടക്കുന്ന മേളയില്‍ 30 ശതമാനം വരെ ഗവണ്‍മെന്റ് റിബേറ്റോടുകൂടി വിവിധയിനം ഖാദി തുണിത്തരങ്ങള്‍ ലഭിക്കും. ഇലന്തൂരില്‍ തന്നെ ഉത്പാദിപ്പിക്കുന്ന നല്ലെണ്ണ, ബാര്‍സോപ്പ്, തേന്‍ എന്നിവയും മേളയില്‍ ലഭ്യമാണ്.  ആദ്യ വില്‍പന ലീലാമ്മ എബ്രഹാമിന് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. പ്രോജക്ട് ഓഫീസര്‍ ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു. ജൂനിയര്‍ സൂപ്രണ്ട് കെ.ജി വേണുഗോപാല്‍ സ്വാഗതവും  സീനിയര്‍ സഹകരണ ഇന്‍സ്‌പെക്ടര്‍ ടി.എസ് പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.