ബലാത്സംഗകേസിൽ ശിക്ഷ വിധിക്കപ്പെട്ട ദേരാ സച്ചാ സൗധ തലവൻ ഗുർമീത് റാം റഹീം സിങ്ങിന്റെ പിൻഗാമി ആരെന്നാണ് നിലവിലുള്ള ചർച്ച. ഗുർമീതിന്റെ വളർത്തുമകളെന്ന് വിളിക്കപ്പെടുന്ന ഹണിപ്രീതിന്റെ പേരാണ് സച്ചാ അനുയായികൾക്കിടയിൽ ഉയർന്നു വരുന്നത്. ദേരാ സച്ചാ സൗധ സ്കൂൾ ചെയർപേഴ്സനാണ് വിപാസന. ദേരാ സച്ചയുടെ വളർച്ചാ കാലഘട്ടം മുതൽ ഗുർമീതിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് 36കാരിയായ വിപാസനയാണ്. ‘ഗുരു ബ്രഹ്മചാരി’യെന്ന് പറയപ്പെടുന്ന ഇവർക്ക് അനുയായികൾ രണ്ടാംസ്ഥാനമാണ് നൽകുന്നത്. ഒന്നാമതായി പരിഗണിക്കുന്നത് ‘പപ്പയുടെ മാലാഖ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹണിപ്രീതിനെയാണ്. ഗുർമീതിന് ഏറ്റവും അടുപ്പമുള്ളതായി സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നതും ഹണി തന്നെ. ‘റോക്ക് സ്റ്റാറായ പപ്പയുടെ നിർദേശങ്ങൾ പ്രവർത്തിക്കുന്നതിൽ അഭിരുചിയുള്ളവൾ’ എന്നാണ് മുപ്പതുകാരിയായ ഹണിപ്രീത് ട്വിറ്ററിൽ പരിചയപ്പെടുത്തുന്നത്.
നടി, സംവിധായിക, എഡിറ്റർ, മനുഷ്യാവകാശ പ്രവർത്തക എന്നിങ്ങനെ സർവകലാവല്ലഭയാണ് ഹണി. ഗുർമീതിന്റെ ‘എം.എസ്.ജി–ദ വാരിയർ ലയൺ ഹാർട്ട്’ എന്ന ചിത്രം സംവിധാനം ചെയ്തത് ഹണിയായിരുന്നു. ‘എം.എസ്.ജി2 – ദ മെസഞ്ചർ’, എം.എസ്.ജി–ദ വാരിയർ ലയൺ ഹാർട്ട്’ എന്നീ ചിത്രങ്ങളിൽ അവർ അഭിനയിക്കുകയും ചെയ്തു. ഗുർമീതിന്റെ പൊതുപരിപാടികളിലും അദ്ദേഹത്തിനൊപ്പം പ്രത്യക്ഷപ്പെടുക ഹണിപ്രീതാണ്. ബലാത്സംഗകേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുർമീതിനെ ജയിലിലേക്ക് മാറ്റുമ്പോൾ ബാഗുമായി ഹെലികോപ്ടറിൽ അനുഗമിച്ചതും ഹണിപ്രീത് ആയിരുന്നു. ശിക്ഷ വിധിക്കപ്പെട്ട് ജയിലിലേക്ക് പോകുമ്പോഴും ‘പപ്പ’യെ അനുഗമിക്കാൻ ഹണി ശ്രമിച്ചു. എന്നാൽ കോടതിയത് നിരസിച്ചു. ഹണിയുടെ വെബ്സൈറ്റിൽ ‘വിസ്മയമായൊരു പിതാവിന്റെ മഹതിയായ മകൾ’ എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. ഫത്തേഹാബാദിലെ പ്രിയങ്ക 1999ലാണ് വിശ്വാസ് ഗുപ്ത എന്നയാളെ വിവാഹം ചെയ്ത ശേഷമാണ് ഹണീപ്രീത് സിങ് എന്ന് പേരുമാറ്റിയത്. സ്ത്രീധനത്തിന്റെ പേരിലുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ 2009ല്‍ ഗുര്‍മീത് ഹണിപ്രീതിനെ മകളായി ദത്തെടുക്കുകയായിരുന്നു. ശേഷം ഹണിപ്രീത് സിങ് ഹണിപ്രീത് ഇൻസാൻ എന്ന് പേരുമാറ്റി. ഗുർമീതിന്റെ സഹായത്തോടെ വിശ്വാസ് ഗുപ്തയുടെ ബിസിനസ് വളർന്നെങ്കിലും പിന്നീട് ഇയാൾ അകന്നു. 2011 ഭാര്യ ഹണിപ്രീത് സിങ്ങിനെ വിട്ടു നൽകണമെന്ന് പറഞ്ഞ് ഇയാൾ ഗുർമീതിനെതിരെ കേസുകൊടു ക്കയും ചെയ്തു. ഹര്‍ജീത് കൗറാണ് ഗുര്‍മീതിന്റെ ഭാര്യ. ഇരുവര്‍ക്കുമായി ചരണ്‍പ്രീത്, അമന്‍പ്രീത് എന്നീ രണ്ട് പെണ്‍കുട്ടികളുമുണ്ട്.