ഇന്ത്യയിൽ നോട്ട് അസാധുവാക്കല്‍ നടപടിക്കു ഇന്ന് അന്‍പതു ദിവസം

ഇന്ത്യയിൽ നോട്ട് അസാധുവാക്കല്‍ നടപടിക്കു ഇന്ന് അന്‍പതു ദിവസം ; ഇനിയും പുതിയ പ്രഖ്യാപനങ്ങൾ വരുമെന്ന് സൂചന.

ഇന്ത്യയിൽ നോട്ട് അസാധുവാക്കല്‍ നടപ്പിലായിട്ട് ഇന്നേക്ക് അന്‍പതു ദിവസം. അസാധുവായ നോട്ടുകള്‍ കൈവശം സൂക്ഷിക്കുന്നത് കുറ്റകരമാക്കുന്നതടക്കം കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ഓര്‍ഡിനന്‍സിനു അംഗീകാരം നല്‍കിയേക്കും. .
ബാങ്കുകളിലെയും എടിഎമ്മുകളിലെയും ക്യൂ 50 ദിവസം പിന്നിട്ടെങ്കിലും തുടരുകയാണ്. നോട്ട് ക്ഷാമം പരിഹരിക്കാന്‍ ഇനിയും സമയമെടുക്കുമെന്നു ധനമന്ത്രാലയം അറിയിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ
പരിഹരിക്കാന്‍ നികുതി നിരക്ക് കുറയ്ക്കുന്നതടക്കം വരാനിരിക്കുന്ന പൊതു ബജറ്റ് ജനകീയമാക്കാനാണു കേന്ദ്രസര്‍ക്കാരിന്‍റെ ഇപ്പോഴത്തെ നീക്കം. കഴിഞ്ഞ നവംബര്‍ 8 നു രാത്രി 8.15ന് തികച്ചും നാടകീയമായാണു പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കൃഷി, വിനോദസഞ്ചാരം, നൈപുണ്യവികസനം എന്നിവയ്ക്കു പ്രമുഖ്യം നല്‍കണമെന്ന നിര്‍ദേശം സാമ്ബത്തിക വിദഗ്ധര്‍ ഇന്നലെ നീതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രിക്കു മുന്‍പാകെ വച്ചിട്ടുണ്ട്. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ കൈവശം വയ്ക്കുകയോ, ക്രയവിക്രയം നടത്തുകയോ ചെയ്യുന്നതു കുറ്റകരമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ഇന്നു കേന്ദ്രമന്ത്രിസഭായോഗം പരിഗണിക്കും. നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്നുള്ള പ്രതിസന്ധികള്‍ പരിഹരിക്കാനും കറന്‍സി ഇതര ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച മുഖ്യമന്ത്രിമാരുടെ സമിതിയും ഇന്നു യോഗം ചേരും.