കെ എസ് ആര്‍ ടി സി ബസ്സില്‍ കടത്തിയ കഞ്ചാവ് പിടിച്ചെടുത്തു

ganja

കെ എസ് ആര്‍ ടി സി ബസ്സില്‍ കടത്തിയ രണ്ടെര കിലോ കഞ്ചാവ് പിടിച്ചെടുത്തു മുഹമ്മ പൊലീസും നര്‍കോട്ടിക്‌സ് വിഭാഗവും ചേര്‍ന്നാണ് പിടികൂടിയത്. സംഭവത്തില്‍ എന്‍ജിനീയറിംങ് വിദ്യാര്‍ഥി ഉള്‍പ്പടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മ പുത്തനങ്ങാടി കവലക്ക് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. വഞ്ചിയൂര്‍ തോട്ടക്കാട് പത്താം വാര്‍ഡില്‍ ഗോകുലം വീട്ടില്‍ വിഷ്ണു (23), വഞ്ചിയൂര്‍ പുത്തന്‍വീട്ടില്‍ മനോജ് (33) എന്നിവരാണ് പിടിയിലായത്. വൈക്കത്തുനിന്നും ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ഇരുവരും. കൈയ്യില്‍ കരുതിയിരുന്ന ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതിനു മുന്‍പും ഇരുവരും കഞ്ചാവ് കടത്തിയിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തു. സേലത്തുനിന്നും ആണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. സമീപകാലത്ത് മുഹമ്മ വഴിയുള്ള കഞ്ചാവ് കടത്ത് കൂടുന്നതായി പൊലീസിന് വിവിരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നര്‍കോട്ടിക്‌സ് വിഭാഗവും പൊലീസും പരിശോധന വ്യപകമാക്കിയിരുന്നു. ആലപ്പുഴ വഴി സമീപ ജില്ലകളിലേക്ക് കഞ്ചാവ് ഒഴുകുകയാണെന്നാണ് എക്‌സൈസ് അധികൃതരും പറയുന്നു. ട്രെയിനിലും പൊതു വാഹനങ്ങളിലും ആര്‍ക്കും സംശയം തോന്നാത്ത രീതിയിലാണ് കഞ്ചാവ് കടത്തുന്നത്. പിടികൂടുന്ന സാഹചര്യം മുന്നില്‍ കണ്ട് തീവണ്ടികളില്‍ ഇത് ഉപേക്ഷിക്കുകയാണ് പതിവ്.