ദേശീയ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന വിഷയം ചിദംബരം സഭയിൽ ഉന്നയിച്ചിരുന്നു
കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‍ലിയും മുൻ ധനമന്ത്രി പി. ചിദംബരവും തമ്മിൽ രാജ്യസഭയുടെയുള്ളിൽ ആധാർ വിഷയത്തിൽ വാക്കുകൾ കൊണ്ട് പോരാട്ടം നടത്തി. ധനബില്ലുമായി ബന്ധപ്പെട്ട ചർച്ചയുടെ മധ്യത്തിലാണ് ആധാറിർ വിഷയത്തിന്റെ പേരിൽ ഇരുവരും ഏറ്റുമുട്ടിയത്. ആധാർ കാർഡിനായി സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിലുള്ള സുരക്ഷാ പ്രശ്നങ്ങൾ ചിദംബരം ഉന്നയിച്ചതാണ് വാക്ക് തർക്കത്തിനു കാരണമായത്. സർക്കാരിൽനിന്നു ലഭിക്കുന്ന സേവനങ്ങൾക്കു കേന്ദ്രം ആധാർ നിർബന്ധമാക്കുന്ന വിഷയത്തോടുള്ള ബന്ധത്തിലാണ് അതിലെ സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയതാണ് ചിദംബരം .
ദേശീയ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന വിഷയം ചിദംബരം സഭയിൽ ഉന്നയിച്ചിരുന്നു. ധോണി ആധാറിനായി നൽകിയ സ്വകാര്യ വിവരങ്ങൾ ചോർന്നതിനെതിരെ രൂക്ഷ വിമർശനവുമായി അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി രംഗത്തെത്തിയിരുന്നു. പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ എന്തു നടപടി സ്വീകരിക്കുമെന്നായിരുന്നു ചിദംബരത്തിന്റെ പ്രധാന ചോദ്യം.
യുഎസ് പ്രതിരോധ ഏജൻസിയായ പെന്റഗണിന്റെ വിവരങ്ങൾ പോലും ഹാക്ക് ചെയ്യപ്പെടുന്ന ഇക്കാലത്ത്, ആധാർ വിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്നതിന് കേന്ദ്രസർക്കാരിന് എന്തു ഗ്യാരണ്ടിയാണ് നൽകാനുള്ളത് എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, ആധാറുമായി യാതൊരു ബന്ധവുമില്ലാത്ത പെന്റഗണിന്റെ വിവരങ്ങൾ പോലും ഹാക്കർമാർ ചോർത്തിയെങ്കിൽ, വിവരങ്ങൾ ചോരുന്നത് ആധാർ മൂലമല്ലെന്നു ജയ്റ്റ്‍ലി തിരിച്ചടിച്ചു.
ധനമന്ത്രിയുടെ പ്രതികരണം മറ്റംഗങ്ങൾക്കിടയിൽ ചിരി പടർത്തിയെങ്കിലും, ചിദംബരം കൂടുതൽ രോക്ഷാകുലനായി . ഉന്നയിച്ച വിഷയത്തിൽ മറുപടി ഇല്ലെങ്കിൽ അതു പറഞ്ഞാൽ പോരേയെന്ന് ചിദംബരം. എന്നാൽ, ഗൗരവപൂർവമാണ് താൻ ഇക്കാര്യത്തിനു മറുപടി നൽകിയതെന്നും പെന്റഗൺ പോലൊരു ഏജൻസിയുടെ വിവരങ്ങൾ ചോർത്താൻ സാധിക്കുമെങ്കിൽ അതെവിടെയും സംഭവ്യമാണെന്നും ജയ്റ്റ്‍ലി വിശദീകരിച്ചു.
ധോണിയുടെ വിഷയത്തിൽ അദ്ദേഹത്തിൽനിന്നും വിവരങ്ങൾ ശേഖരിച്ച ഏജൻസിയുടെ പക്വതയില്ലാത്ത പ്രവർത്തനമാണ് പ്രശ്നമായതെന്നു ജയ്റ്റ്‍ലി പറഞ്ഞു. ആധാർ കാർഡിനായി യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ (യുഐഡിഎഐ)യെ സഹായിക്കുന്ന ഏജൻസിയിൽനിന്നും ധോണിയുടെ സ്വകാര്യ വിവരങ്ങൾ പുറത്തുപോയതാണ് ധോണിയുടെ ഭാര്യ സാക്ഷിയെ പ്രകോപിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് വിവരങ്ങൾ പുറത്തായത്. വിവാദത്തെ തുടർന്ന് ഏജൻസിയെ 10 വർഷത്തേക്ക് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി യുഐഡിഎഐ സിഇഒ വ്യക്തമാക്കിയിരുന്നു.