കൌമാരക്കാരുടെ മാനസികാരോഗ്യം, നൈപുണ്യ വികസനം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയതാണ് പദ്ധതി
മാറിവരുന്ന പുത്തന്‍ പ്രവണതകളെയും വെല്ലുവിളികളെയും നേരിടാന്‍ കൌമാരക്കാരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഹയര്‍ സെക്കന്‍ഡറി വകുപ്പ് നൂതന പദ്ധതികള്‍ ആവിഷ്കരിക്കുന്നു. കൊച്ചിയില്‍ നടന്ന ‘ഡിസൈനിങ് ഡെസ്റ്റിനേഷന്‍’ എന്ന സംസ്ഥാന ശില്‍പ്പശാലയില്‍ അടുത്ത അധ്യയന വര്‍ഷത്തേയ്ക്കുള്ള കര്‍മ്മ പദ്ധതികളുടെ രൂപരേഖ പൂര്‍ത്തിയായി.
കൌമാരക്കാരുടെ മാനസികാരോഗ്യം, നൈപുണ്യ വികസനം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയതാണ് പദ്ധതി. പ്ളസ്ടു വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാര്‍ഥി തന്റെ അഭിരുചികളെ സ്വയം തിരിച്ചറിഞ്ഞ് തനിക്കുതകുന്ന വിഷയങ്ങളില്‍ തുടര്‍പഠനം സാധ്യമാക്കാനും കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇതു സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കാനും കര്‍മപരിപാടി വിഭാവനം ചെയ്യുന്നു.
സംസ്ഥാനത്ത് 1470 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ സൌഹൃദ ക്ലബുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ 91 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ സൌഹൃദ ക്ലബ്ബുകളും 78 സ്കൂളുകളില്‍ കരിയര്‍ ഗൈഡന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കണമെന്നാണ് നിയമസഭാ സമിതിയുടെ ശുപാര്‍ശ. സൌഹൃദ ക്ളബ്ബുകളുടെ പ്രവര്‍ത്തനം വിപുലമാക്കുന്നതിനെക്കുറിച്ച് ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) പഠനം നടത്തും. ഇതിനുള്ള കരാര്‍ ഉടന്‍ ഒപ്പുവയ്ക്കും.
പദ്ധതി പ്രകാരം എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കുമ്പോള്‍ത്തന്നെ വിദ്യാര്‍ഥികള്‍ക്ക് അഭിരുചി പരീക്ഷ നടത്തും. അഭിരുചിയുടെ അടിസ്ഥാനത്തില്‍ കോഴ്സുകളും വിഷയങ്ങളും തെരഞ്ഞെടുക്കാന്‍ ഈ പരീക്ഷ സഹായിക്കും. പ്ളസ്വണ്‍ ഏകജാലക പ്രവേശന പ്രക്രിയ ആരംഭിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാന്‍ ജില്ലയിലെ ഏഴു താലൂക്ക് കേന്ദ്രങ്ങളിലും പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ ഫോക്കസ് പോയിന്റുകള്‍ തുറക്കും.
പദ്ധതി നടത്തിപ്പിന്റെ രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. നൂറു സ്കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കുകയുംചെയ്തു. രക്ഷിതാക്കളുടെ ബോധവല്‍ക്കരണത്തിന് ‘അമ്മയറിയാന്‍’ എന്ന പദ്ധതിയാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്. പരീക്ഷാഭയം അകറ്റാന്‍ ‘വീ ഹെല്‍പ്’ പദ്ധതിയുണ്ട്. ഐഎഎസ് അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ‘പാത്ത് ഫൈന്‍ഡര്‍’ പദ്ധതിയുടെ ഭാഗമായി അഞ്ച് ദിവസത്തെ റസിഡന്‍ഷ്യല്‍ പ്രോഗ്രാം ആവിഷ്കരിച്ചു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഡ്രാമ സ്കൂള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ എന്നിവിടങ്ങളില്‍ തുടര്‍പഠനം ആഗ്രഹിക്കുന്നവരെ കണ്ടെത്താനും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. മലയാറ്റൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സി എ ബിജോയ് ആണ് പദ്ധതിയുടെ ജില്ലാതല കോ-ഓര്‍ഡിനേറ്റര്‍.