ഒരു രാജ്യം ഒറ്റ നികുതി എന്ന മുദ്രവാക്യവുമായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി) സംബന്ധിച്ച നാല് ബില്ലുകൾ ലോക്സഭയിൽ പാസായി. എട്ട് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ബില്ലുകൾ പാസായത്. ബില്ലിനെതിരെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വലിയ എതിർപ്പുയർത്തിയില്ല. എന്നാൽ തൃണമൂൽ കോൺഗ്രസ് വോട്ടടുപ്പിൽ നിന്ന് വിട്ടു നിന്നു. ഇനി രാജ്യസഭ ബില്ലുകൾ പരിഗണിക്കും.
കഴിഞ്ഞ യു.പി.എ സർക്കാറിെൻറ കാലത്ത് ഇതുസംബന്ധിച്ച ബില്ലുകൾ കൊണ്ടുവന്നപ്പോൾ രാഷ്ട്രീയ കാര്യങ്ങൾ ഉയർത്തി ബി.ജെ.പി എതിർക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇതുമൂലം രാജ്യത്തിന് 12 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന ആരോപണവും കോൺഗ്രസ് എം.പിമാർ ഉന്നയിച്ചു. ജി.എസ്.ടിയിൽ എല്ലാ ഉൽപ്പന്നങ്ങൾക്കും ഒരേ നികുതി ആയിരിക്കില്ലെന്ന സൂചനയും ധനമന്ത്രി അരുൺ ജെയ്റ്റ്ലി നൽകി.