Sunday, April 28, 2024
HomeNationalലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ചു. ഒന്‍പത് സംസ്ഥാനങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 72 മണ്ഡലങ്ങളിലായി 945 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ മഹാരാഷ്ട്രയിലും ഒഡീഷയിലും ഇന്ന് അവസാന ഘട്ട വോട്ടെടുപ്പാണ്. ബിജെഡി സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് ഒഡീഷയിലെ പട്കുരയിലെ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 19 ലേയ്ക്ക് മാറ്റിയിട്ടുണ്ട്.

അനന്ത്നാഗിലും ബംഗാളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജനവിധി തേടുന്നവരില്‍ കനയ്യകുമാറും ഊര്‍മ്മിളയും അടക്കമുള്ള പ്രമുഖരും ഉള്‍പ്പെടുന്നുണ്ട്.
ബിജെപിക്കും പ്രതിപക്ഷത്തിനും നിര്‍‍ണായകമായ നാലാം ഘട്ടത്തില്‍ 12 കോടി 79 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റമുട്ടുന്ന രാജസ്ഥാനും മധ്യപ്രദേശും പോളിംഗ് ബൂത്തിലെത്തുകയാണ്. കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് കോണ്‍ഗ്രസ് പ്രധാന പ്രചാരണ വിഷയമാക്കിയത്.ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഒഡിഷ, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

എസ്‌പി-ബിഎസ്‌പി സഖ്യം വെല്ലുവിളി ഉയര്‍ത്തുന്ന യുപിയിലിടക്കം മോദി ഫാക്ടറിലാണ് ബിജെപിയുടെ വിജയ പ്രതീക്ഷ. 2014ലേതു പോലെ വീണ്ടും ഒബിസി കാര്‍ഡ് കളത്തിലിറക്കിയിരിക്കുകയാണ് മോദി. തന്‍റെ ജാതിയെക്കുറിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ ഇപ്പോള്‍ ചര്‍ച്ച നടത്തുന്നതെന്നും താന്‍ ഏറ്റവും പിന്നാക്ക ജാതിയില്‍പ്പെട്ട ആളാണെന്നും മോദി പറഞ്ഞു.എസ്‌പി ബിഎസ്‌പി സഖ്യത്തിന്‍റെ യാദവ് ദളിത് മുസ്ലീം വോട്ടു ഏകീകരണ നീക്കം യുപിയില്‍ ബിജെപിക്ക് വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് മോദി ഒബിസി കാര്‍ഡ് ഇറക്കുന്നത്. അതേസമയം പ്രതിപക്ഷം തന്‍റെ ജാതി പറയുന്നുവെന്ന മോദിയുടെ ആരോപണത്തിന് ഉന്നത ജാതിക്കാരനായ മോദി രാഷ്ട്രീയ നേട്ടത്തിനായി ഒബിസിയായെന്ന് മായാവതി തിരിച്ചടിച്ചു. മോദിയുടെ ജാതി ഏതെന്ന് അറിയില്ലെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments