തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് പാരിതോഷികം നല്‍കാന്‍ തീരുമാനം. മ്യൂസിയം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രതിഞ്ജയ കുമാറിനാണ് ഐജി മനോജ് എബ്രഹാം പാരിതോഷികം പ്രഖ്യാപിച്ചത്. 5000 രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്. അക്രമികളെ തടയുന്നതിനിടെ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രതിഞ്ജയനെ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രഖ്യാപനം.
കഴിഞ്ഞദിവസം പുലര്‍ച്ചയെടെയായിരുന്നു ബിജെപി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. കുമ്മനം രാജശേഖരന്റേതടക്കം ആറോളം വാഹനങ്ങള്‍ തകര്‍ത്തിരുന്നു. സിപിഎം കൗണ്‍സിലര്‍ ഐപി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതിനെ തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ കാഴ്ച്ചക്കാരായി നിന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു.