യു.എസിനെ തകർത്ത ഹാർവി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നടൻ ബാബു ആന്റണിയുടെ വീടിന് സമീപം ചീങ്കണ്ണിയും മലമ്പാമ്പും കയറി. ബാബു ആന്റണിയുടെ ഹൂസ്റ്റണിലെ വീടിന് സമീപമുള്ള മറ്റൊരു വീട്ടിലാണ് ചീങ്കണ്ണിയും മലമ്പാമ്പും കയറിയത്. ബാബു ആന്റണിയുടെ സഹോദരൻ തമ്പി ആന്റണിയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
പ്രദേശത്ത് കനത്ത മഴ തുടരുകയാണെന്നും ബാബു ആന്റണിയും കുടുംബവും വീടുപേക്ഷിച്ച് സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയെന്നും സഹോദരൻ അറിയിച്ചു. 75 സെന്റിമീറ്റർ മഴയാണ് ഈ വർഷം ഹൂസ്റ്റണിൽ പെയ്‌തത്. ഈ പ്രദേശത്ത് ഒരു വർഷം ആകെ ലഭിക്കുന്ന മഴയുടെ അളവാണിത്.
അതേസമയം, പ്രദേശത്തുള്ളവർ എത്രയും വേഗം രക്ഷാബോട്ടുകളിൽ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറണമെന്ന് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് അധികൃതർ നിർദേശം നൽകി. താമസസ്ഥലങ്ങൾ നഷ്ടമായവർക്ക് ഇന്ത്യക്കാരുടെ വ്യവസായ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും അഭയം നൽകുന്നുണ്ട്.