Sunday, April 28, 2024
HomeKeralaറാന്നിയിലെ പുതിയ ഖാദി ഷോറൂം ഒക്ടോബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യും

റാന്നിയിലെ പുതിയ ഖാദി ഷോറൂം ഒക്ടോബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യും

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ റാന്നിയില്‍  പുതിയ വിപണനശാല ആരംഭിക്കുന്നു. ഖാദി തുണിത്തരങ്ങളുടേയും വൈവിധ്യമാര്‍ന്ന ഗ്രാമ വ്യവസായ ഉല്പന്നങ്ങളുടേയും  വിപുലമായ  ശേഖരം  ഈ ഷോറൂമിന്റെ  പ്രത്യേകതയാണ്. റാന്നി-മണിമല റോഡില്‍ ചേത്തോങ്കരയ്ക്ക്  മുമ്പായി പഴവങ്ങാടിക്കര പള്ളിക്ക്  സമീപം പാലമൂട്ടില്‍ ബില്‍ഡിംഗ്സിലാണ് പുതിയ വില്പനശാല പ്രവര്‍ത്തനം ആരംഭിക്കുന്നത്.  ഖാദി ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ റാന്നിയില്‍ വര്‍ഷങ്ങളായി പ്രവത്തിച്ചിരുന്ന വില്‍പ്പന ശാല  2018-ലെ പ്രളയത്തെത്തുടര്‍ന്ന്  നിര്‍ത്തിവയ്ക്കേണ്ടി വന്നു. വിപുലമായ തോതില്‍ പുതിയ വിപണനശാല ആരംഭിക്കുന്നതിന് സ്ഥലം എം.എല്‍.എയായ രാജു എബ്രഹാം മുന്‍കയ്യെടുത്ത് പ്രവര്‍ത്തിച്ചു. ഒക്ടോബര്‍ ഒന്നിന് രാവിലെ 10.30ന് രാജു എബ്രഹാം എം.എല്‍.എ പുതിയ വിപണനശാലയുടെ  ഉദ്ഘാടനം നിര്‍വഹിക്കും.  ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ് അധ്യക്ഷതവഹിക്കും. റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് ആദ്യവില്പന നിര്‍വഹിക്കും. റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പൊന്നി തോമസ്, ഖാദി ബോര്‍ഡ് മെമ്പര്‍ ടി.എല്‍. മാണി, ഖാദി ബോര്‍ഡ് അഡ്മിനിസ്ടേഷന്‍ ഡയറക്ടര്‍ കെ.എസ് പ്രദീപ് കുമാര്‍, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് പി.എന്‍ അജയകുമാര്‍ തുടങ്ങിയവര്‍  സംസാരിക്കും. ഖാദി ബോര്‍ഡ് സെക്രട്ടറി ഡോ.കെ.എ രതീഷ് സ്വാഗതവും പ്രോജക്ട് ഓഫീസര്‍ ഷാജിജേക്കബ് നന്ദിയും രേഖപ്പെടുത്തും.  നമ്മുടെ കാലാവസ്ഥയ്ക്കും പ്രകൃതിയ്ക്കും അനുയോജ്യമായ വിവിധ ഖാദി തുണിത്തരങ്ങളുടെ വിപുലമായ ശേഖരം വില്‍പ്പനശാലയില്‍ ഒരുക്കിയിട്ടുണ്ട്. ഖാദി സില്‍ക്ക് സാരി, ജൂട്ട് സില്‍ക്ക് സാരി, കോട്ടണ്‍ സാരികള്‍, ഷര്‍ട്ടുകള്‍, മുണ്ടുകള്‍, കാവി മുണ്ടുകള്‍, തോര്‍ത്തുകള്‍, തലയിണ, പഞ്ഞിമെത്ത, ഇലന്തൂരിലെ ഗ്രാമവ്യവസായ യൂണിറ്റുകളില്‍ ഉല്പാദിപ്പിക്കുന്ന ഖാദി മുണ്ടുകള്‍, മരച്ചക്കിലാട്ടിയ എള്ളെണ്ണ, ഖാദി ബാര്‍സോപ്പ്, ഖാദി നറുതേന്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ ഇവിടെ നിന്ന് മിതമായ നിരക്കില്‍  വാങ്ങാം. വിപുലമായ കാര്‍ പാര്‍ക്കിംഗ്  സൗകര്യവുമുണ്ട്.  ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ 12 വരെ ഖാദിയ്ക്ക് 30% വരെ സ്പെഷ്യല്‍ റിബേറ്റും ലഭിക്കും. ഖാദി ബോര്‍ഡിന്റെ മറ്റ് വിപണനശാലകളിലും ഈ റിബേറ്റ് സൗകര്യം ലഭ്യമാണ്. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ക്രഡിറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments