Tuesday, November 12, 2024
HomeNationalവിമാനത്താവളങ്ങളിൽ ഇനി പ്രവേശിക്കാൻ മൊബൈൽ ആധാർ തിരിച്ചറിയൽ രേഖ

വിമാനത്താവളങ്ങളിൽ ഇനി പ്രവേശിക്കാൻ മൊബൈൽ ആധാർ തിരിച്ചറിയൽ രേഖ

വിമാനത്താവളങ്ങളിൽ ഇനി പ്രവേശിക്കാൻ മൊബൈൽ ആധാറും തിരിച്ചറിയൽ രേഖയായി കണക്കാക്കുമെന്ന് വ്യോമയാന സുരക്ഷാ മന്ത്രാലയം (ബിസിഎഎസ്). മാതാപിതാക്കൾക്കൊപ്പം വരുന്ന പ്രായപൂർത്തിയാകാത്തവർക്ക് തിരിച്ചറിയൽ രേഖ ആവശ്യമില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിനായി വേണ്ട പത്ത് തിരിച്ചറിയൽ രേഖകളുടെ പട്ടികയാണ് ബിസിഎഎസ് പുറത്തുവിട്ടത്. പാസ്പോർട്ട്, വോട്ടേഴ്സ് ഐഡി, ആധാർ, എം ആധാർ, പാൻ കാർഡ്, ലൈസൻസ് എന്നിവയാണ് ഇവയിൽ ചിലത്.

സുരക്ഷാ ജീവനക്കാരുമായുള്ള തർക്കം ഒഴിവാക്കുന്നതിനായി തിരച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്ന് നിർബന്ധമായും കരുതണമെന്നും ബിസിഎഎസ് സർക്കുലറിൽ പറയുന്നു. ദേശസാൽകൃത ബാങ്കിന്റെ പാസ്ബുക്ക്, പെൻഷൻ കാർഡ്, അംഗവൈകല്യമുള്ളവർക്കു നൽകുന്ന ഫോട്ടോ പതിപ്പിച്ച കാർഡ്, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും പിഎസ്‍യു, ലോക്കൽ ബോഡി, സ്വകാര്യ കമ്പനികളുടെയും സർവീസ് ഐഡി കാർഡ് എന്നിവയും തിരിച്ചറിയൽ രേഖയായി സ്വീകരിക്കാമെന്നും ബിസിഎഎസ് വ്യക്തമാക്കി.

അംഗവൈകല്യമുള്ളവർക്ക് ഫോട്ടോ ഐഡി കാർഡോ മെഡിക്കൽ സർട്ടിഫിക്കറ്റോ ഹാജരാക്കിയാൽ മതിയാകും. വിദ്യാർഥികൾക്ക് സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഐഡി കാർഡ് നൽകുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും. കൃത്യമായ തിരിച്ചറിയൽ രേഖയുള്ള യാത്രക്കാരനൊപ്പം വരുന്ന ശിശുക്കൾക്കോ പ്രായപൂർത്തിയാകാത്തവർക്കോ മറ്റു രേഖകൾ ആവശ്യമില്ല. നിർദിഷ്ട തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്തവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരിലെ ഗസറ്റഡ് ഉദ്യോഗസ്ഥൻ നൽകുന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും വിമാനത്താവളത്തിൽ പ്രവേശിക്കാം. അതേസമയം, രാജ്യാന്തര യാത്രികർ പാസ്പോർട്ടും വീസയും ഹാജരാക്കണമെന്ന നിർദേശം തുടരുമെന്നും സർക്കുലറിൽ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments