Tuesday, November 12, 2024
HomeKeralaവനിതാ മതില്‍: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

വനിതാ മതില്‍: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീപുരുഷ സമത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനുമുള്ള പ്രചരണത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലുമായി ബന്ധപ്പെട്ട് ജില്ലയിലെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളം ഭ്രാന്താലയമാക്കരുത്, നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക, സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നത്. ദേശീയ പാതയില്‍ ആലപ്പുഴ ജില്ലയിലാണ് പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവര്‍ മതിലില്‍ അണിനിരക്കുന്നത്.

ജില്ലയില്‍ നിന്ന് വനിതാ മതിലില്‍ പങ്കെടുക്കുന്ന എല്ലാ നവോഥാന സംഘടനകളും പ്രവര്‍ത്തകരെ എത്തിക്കേണ്ട സ്ഥലങ്ങളിലെ രൂപരേഖ നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. മൂന്ന് മണിക്ക് നിശ്ചിത സ്ഥലങ്ങളില്‍ വനിതകള്‍ എത്തും. 3.45ന് റിഹേഴ്‌സല്‍ നടക്കും. നാലിന് വനിതാമതില്‍ അണിനിരക്കും. മതില്‍ സംഘടിപ്പിച്ചതിന് ശേഷം പ്രതിജ്ഞയെടുക്കുകയും നിശ്ചിത സ്ഥലങ്ങളില്‍ യോഗം ചേരുകയും ചെയ്യും. വനിതാമതിലില്‍ ജില്ലയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ അണിനിരക്കും. വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള വാഹനങ്ങള്‍ വാര്‍ഡുതലത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളുമാണ് ക്രമീകരിച്ചിട്ടുളളത്.

പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള വനിതകള്‍ ദേശീയപാതയിലെ അമ്പലപ്പുഴ മേല്‍പ്പാലം മുതല്‍ ഷാഹിദാര്‍ പള്ളി ജംഗ്ഷന്‍ വരെയുള്ള ഭാഗത്താണ് അണിനിരക്കുന്നത്. തിരുവല്ല, മല്ലപ്പള്ളി മേഖലകളില്‍ നിന്നുള്ളവര്‍ അമ്പലപ്പുഴ മേല്‍പ്പാലത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കോട്ട് പോസ്റ്റ് ഓഫീസ് വരെയും ഇരവിപേരൂര്‍, കോഴഞ്ചേരി മേഖലകളില്‍ നിന്നുള്ളവര്‍ മറിയ മോണ്ടിസോറി സ്‌കൂള്‍ മുതല്‍ കരൂര്‍ ജംഗ്ഷന്‍ വരെയും റാന്നി, പെരുനാട് മേഖലകളില്‍ നിന്നുള്ളവര്‍ പഴയങ്ങാടി ഐസ്പ്ലാന്റ് മുതല്‍ പുറക്കാട് ജംഗ്ഷന്‍ മുസ്ലിം പള്ളി വരെയും പത്തനംതിട്ട, കോന്നി മേഖലകളില്‍ നിന്നുള്ളവര്‍ കരുവാറ്റ റ്റി.ബി സെന്റര്‍ മുതല്‍ കരുവാറ്റ ഗേള്‍സ് സ്‌കൂള്‍ വരെയും പന്തളം മേഖലയിലുള്ളവര്‍ ചേപ്പാട് മുതല്‍ ഏവൂര്‍ ജംഗ്ഷന്‍ വരെയും അടൂര്‍, കൊടുമണ്‍ മേഖലകളിലുള്ളവര്‍ സ്പിന്നിംഗ് മില്‍ ഗേറ്റ് മുതല്‍ ഷാഹിദാര്‍ പള്ളി ജംഗ്ഷന്‍ വരെയുമാണ് അണിനിരക്കേണ്ടത്.

വിവിധ രാഷ്ട്രീയകക്ഷികളിലും പുരോഗന പ്രസ്ഥാനങ്ങളുടെയും സര്‍വീസ് സംഘടനകളുടെയും കുടുംബശ്രീ, തൊഴിലുറപ്പ്, ആശ, അങ്കണവാടി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ആവേശകരമായ പ്രചരണ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളുമാണ് വനിതാ മതിലിന് മുന്നോടിയായി നടന്നത്. ചരിത്രചിത്രപ്രദര്‍ശനങ്ങള്‍, വിളംബര ജാഥകള്‍, ഗൃഹസന്ദര്‍ശനം, ചുവരെഴുത്ത്, പോസ്റ്റര്‍ പതിക്കല്‍, ലഘുലേഖ വിതരണം തുടങ്ങിയവ പൂര്‍ത്തിയായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments