ജില്ലയില്‍ പുതിയ കുടിവെള്ള സ്രോതസുകള്‍ കണ്ടെത്തി പട്ടിക തയ്യാറാക്കണമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. വരള്‍ച്ചാ മുന്നൊരുക്കള്‍ അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരള്‍ച്ചയെ നേരിടാനുള്ള തയ്യാറെടുപ്പ് ഇപ്പോള്‍ തന്നെ ആരംഭിക്കണം. അടിയന്തര ഘട്ടങ്ങളില്‍ കൂടുതല്‍ ജലം ലഭ്യമാക്കാന്‍ കഴിയുന്ന സ്രോതസുകള്‍ നേരത്തെ കണ്ടെത്തണം. സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ജലസ്രോതസുകളില്‍ ആവശ്യത്തിന് ജലമുണ്ടെങ്കില്‍ അടിയന്തര സാഹചര്യങ്ങളില്‍ പ്രയോജനപ്പെടുത്തണം. ഇതിന്റെ പട്ടിക തയ്യാറാക്കാന്‍ ഉടന്‍ സര്‍വേ നടത്തണം. വലിയ പാറമടകളിലെ ജലം ശുദ്ധീകരിച്ച് ഉപയോഗിക്കാനാവുമോയെന്ന് പരിശോധിക്കണം. റവന്യു ഉദ്യോഗസ്ഥര്‍ ഇതിന്റെ ലിസ്റ്റ് തയ്യാറാക്കണം. ഇടമഴയില്‍ മഴവെള്ളക്കൊയ്ത്ത് നടത്തുന്നത് പരിഗണിക്കണം. വരള്‍ച്ചയെ നേരിടുന്നതിന് റവന്യു, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് എന്തെങ്കിലും തടസം നേരിട്ടാല്‍ അറിയിക്കണം. സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ആവശ്യമുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. കുടിവെള്ളത്തിന് മുഖ്യ പരിഗണന നല്‍കണം. ഒരു വാര്‍ഡില്‍ കൂടുതല്‍ വാട്ടര്‍ കിയോസ്‌കുകള്‍ ആവശ്യമെങ്കില്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. കിയോസ്‌കുകളിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടാങ്കറുകളില്‍ ജിപിഎസ് സംവിധാനമുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ മന്ത്രിയെ അറിയിച്ചു. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കും. അടിയന്തരമായി കുടിവെള്ളം എത്തിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തുകള്‍ സമീപിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂഗര്‍ഭജല വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 751 ഹാന്റ് പമ്പുകള്‍ നന്നാക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ജല ദൗര്‍ലഭ്യം 1090 ഹെക്ടറിലെ നെല്‍കൃഷിയെ ബാധിച്ചതായി കൃഷി വകുപ്പ് അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ കുളങ്ങളും കിണറുകളും നിര്‍മ്മിച്ചതിന്റെ വിവരം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.