മാധ്യമങ്ങള്‍ എല്ലാ ബലാത്സംഗക്കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നു: മേനകാ ഗാന്ധി

menaka gandhi

മാധ്യമങ്ങള്‍ എല്ലാ ബലാത്സംഗക്കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും അതുകൊണ്ടാണ് ആളുകളുടെ മനസില്‍ ഇക്കാര്യങ്ങള്‍ നിലനില്‍ക്കുന്നതെന്നും കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. യുപിയിലെ ജെവാറില്‍ കാര്‍ തടഞ്ഞുനിര്‍ത്തി നാല് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ദല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനു ശേഷം ഒരു സംഭവത്തിനോടും മാധ്യമങ്ങള്‍ സഹിഷ്ണുത കാട്ടുന്നില്ല. മറ്റു രാജ്യങ്ങളില്‍ ബലാത്സംഗവും മാനഹാനികളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. എന്നാല്‍ ഇന്ത്യയില്‍ എല്ലാ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ എല്ലാവരുടെയും മനസില്‍ ഇക്കാര്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു – മന്ത്രി അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷാറിനടുത്ത് ജെവാറില്‍ കൊള്ളസംഘം വാന്‍ തടഞ്ഞ് കുടുംബാംഗത്തെ വെടിവെച്ചുകൊല്ലുകയും നാലുസ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. അമ്പതുവയസ്സുള്ള സ്ത്രീ ഉള്‍പ്പെടെ ലൈംഗികാതിക്രമത്തിന് ഇരയായവരെ നോയ്ഡ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോയ്ഡയ്ക്കടുത്ത് ജെവാര്‍-ബുലന്ദ്ഷാര്‍ മേഖലയില്‍ ആറംഗസംഘമാണ് അക്രമം നടത്തിയത്.