Wednesday, September 11, 2024
HomeNationalബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ 12 പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി

ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ 12 പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി

ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട 12 പ്രതികളുടെ വിടുതൽ ഹർജി ലക്‌നോവിലെ പ്രത്യേക സിബിഐ കോടതി തള്ളി. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനിയും മുരളി മനോഹർ ജോഷിയും കേന്ദ്രമന്ത്രി ഉമാഭാരതിയും അടക്കമുള്ള എല്ലാ പ്രതികളും കേസിൽ ക്രിമിനൽ ഗൂഢാലോചന കുറ്റത്തിന് വിചാരണ നേരിടണം. പ്രതികൾക്കുമേൽ ഇന്ത്യൻ ശിക്ഷാനിയമം 120 ബി പ്രകാരം കോടതി ക്രിമിനൽ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്.

ഗൂഢാലോചനക്കേസിൽ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാഭാരതിയും അടങ്ങുന്ന 12 പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഓരോരുത്തരും 50,000 രൂപവച്ച് കെട്ടിവച്ച് ജാമ്യം നേടാനാണ് കോടതി അനുമതി നല്കിയത്. അഡ്വാനി അടക്കമുള്ള പ്രതികൾ ഇന്നു കോടതിയിൽ ഹാജരായിരുന്നു. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് അഡ്വാനി വിടുതൽ ഹർജി നല്കിയത്. ഇത് പ്രത്യേക സിബിഐ കോടതി നിഷേധിക്കുകയായിരുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് റായ്ബറേലി കോടതിയുടെ പരിഗണനയിലായിരുന്ന കേസ്, ലക്നോവിലെ സിബിഐ കോടതിയിലേക്ക് മാറ്റിയത്. എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി അടക്കമുള്ള ബിജെപി നേതാക്കൾ ബാബ്റി മസ്ജിദ് പൊളിക്കാൻ ഗൂഢാലോചന നടത്തിയെന്നും കർസേവകരെ പ്രേരിപ്പിച്ചെന്നുമാണ് സിബിഐ കേസ്.

ബാബ്റി മസ്ജിദ് തകർത്തതിന് കർസേവകർ പ്രതികളായ കേസിനൊപ്പമാണ് ഗൂഢാലോചനക്കേസിലും വിചാരണ നടത്തുന്നത്. ആരോഗ്യകാരണങ്ങളാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നു വിടുതൽ നൽകണമെന്ന അഡ്വാനി അടക്കമുള്ളവരുടെ ആവശ്യം കോടതി തള്ളിയിരുന്നു. കേസ് മാറ്റിവയ്ക്കുകയോ നേരിട്ട് ഹാജരാകുന്നതിൽ നിന്നു ഒഴിവു അനുവദിക്കുകയോ ചെയ്യില്ലെന്നു സിബിഐ കോടതി ജഡ്ജി എസ്.കെ.യാദവ് നിലപാടെടുത്തു.

ഗൂഢാലോചന, രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ വളർത്തുക, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചരണവും ആരോപണവും ഉന്നയിക്കുക, തെറ്റായ പ്രസ്താനകൾ, ക്രമസമാധാനതകർച്ചയുണ്ടാക്കുംവിധം അഭ്യൂഹം പ്രചരിപ്പിക്കുക എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. അഡ്വാനി അടക്കമുള്ളവരെ ഗൂഢാലോചനക്കുറ്റത്തിൽ നിന്നു ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതിയുടെ 2010 ലെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി പുനർവിചാരണയ്ക്കുത്തരവിട്ടത്.

25 വർഷം പഴക്കമുള്ള കേസിൽ ഒരു കാരണവശാലും വിചാരണ നീളാൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ വിചാരണ നടത്തി രണ്ടുവർഷത്തിനകം വിധി പറയണമെന്നും പരമോന്നത കോടതി കഴിഞ്ഞ മാസം പത്തൊന്പതിന് നിർദ്ദേശിച്ചു. വിധി പറയും വരെ വിചാരണ കോടതി ജഡ്ജിയെ മാറ്റരുതെന്നും വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments