Thursday, May 2, 2024
HomeKeralaമോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ; സഭ മെത്രാപ്പോലിത്തമാർക്ക് പ്രത്യേക ക്ഷണം

മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ; സഭ മെത്രാപ്പോലിത്തമാർക്ക് പ്രത്യേക ക്ഷണം

മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് യാക്കോബായ- മാര്‍ത്തോമ്മാ സഭ മെത്രാപോലിത്തമാർക്ക് പ്രത്യേക ക്ഷണം. വിവിഐപി ലിസ്റ്റില്‍ മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയെ പറ്റി പറഞ്ഞിരിക്കുന്ന പ്രത്യേക വിവരണവും ഈ വേളയില്‍ ശ്രദ്ധേയമാവുകയാണ്.

1975ല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയെന്നും ബിജെപിയിലെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി സഭാ ആസ്ഥാനത്തെത്തി അദ്ദേഹത്തെ അഭിനന്ദനം അറിയിച്ചുവെന്നും മെത്രാപ്പൊലീത്തയുടെ വിലാസം നല്‍കിയിരിക്കുന്ന കോളത്തില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ ആര്‍ച്ച്‌ ബിഷപ്പ് തോമസ് മാര്‍ തീമോത്തിയോസ്, യാക്കോബായ സഭാ മെത്രാപ്പൊലീത്തയായ യൗസേബിയസ് മാര്‍ കുര്യാക്കോസ്, ഡല്‍ഹി ഭദ്രാസനാധിപന്‍ ബിഷപ്പ് മാര്‍ സ്‌തേഫാനോസ് എന്നിവരാണ് കേരളത്തില്‍ നിന്നും ക്ഷണം ലഭിച്ചിരിക്കുന്ന ക്രൈസ്തവ സഭാ പ്രതിനിധികള്‍.

കെപിഎംഎസ് അധ്യക്ഷന്‍ നീലകണ്ഠന്‍ മാസ്റ്റര്‍ക്കും പുതിയതായി ബിജെപിയില്‍ ചേര്‍ന്ന നേതാവ് തോമസ് ജോണിനും ക്ഷണമുണ്ട്. കേരളത്തില്‍ നിന്നും എന്‍ഡിഎ നേതാക്കള്‍ക്കം ക്ഷണമുണ്ട്. ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പി.സി തോമസ്, പി.സി ജോര്‍ജ് എംഎല്‍എ, കാമരാജ് കോണ്‍ഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍, സ്‌പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ സുഭാഷ് വാസു, കേരളാ കോണ്‍ഗ്രസ് നേതാവ് രാജന്‍ കാനാട്ട്, ശിവ സേന സംസ്ഥാന പ്രസിഡന്റ് ഭുവനചന്ദ്രന്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്.ദേശീയ-ലോക നേതാക്കളുടെ നീണ്ട നിര തന്നെ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഡല്‍ഹിയിലെത്തും. 5 വര്‍ഷത്തെ ഭരണത്തിനിടെ വിവിധ ലോകനേതാക്കളുമായി മികച്ച ബന്ധം സൃഷ്ടിക്കാന്‍ മോദിക്ക് സാധിച്ചിട്ടുണ്ട്. അതുറപ്പിക്കുന്ന തരത്തിലാവും ഇക്കുറി ലോകനേതാക്കളുടെ സാന്നിധ്യം ചടങ്ങിലുണ്ടാവുക.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒഴികെയുള്ള അയല്‍രാജ്യങ്ങളിലെ നേതാക്കള്‍ക്കെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്. സാങ്കേതിക-സാമ്ബത്തിക സഹകരണത്തിനായുള്ള ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തെ രാജ്യങ്ങളുടെ കൂട്ടായ്മയായ ബിംസ്റ്റെക്കിലെ അംഗങ്ങളെയെല്ലാം ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. തായ്ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മര്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ബിംസ്റ്റെക് അംഗങ്ങള്‍.

ബംഗ്ലാദേശ് പ്രസിഡണ്ട് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡണ്ട മൈത്രിപാല സിരിസേന, കിര്‍ഗിസ്ഥിസ്ഥാന്‍ പ്രസിഡണ്ട് സൂറോണ്‍ബെ ബീന്‍ബെക്കോവ്, മ്യാന്മര്‍ പ്രസിഡണ്ട് യു വിന്‍ മിന്റ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്‌നൗത്ത്, നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി, ഭൂട്ടാന്‍ പ്രധാനമന്ത്രി ലൊട്ടായ് ഷെറിങ് എന്നീ രാഷ്ട്രത്തലവന്മാര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തും. തായ്ലന്‍ഡ് സര്‍ക്കാരിന്റെ പ്രതിനിധിയായി പ്രത്യേക ദൂതന്‍ ഗ്രിസാഡ ബൂണ്‍റാച്ച്‌ പങ്കെടുക്കും.

ദേശീയ-അന്തര്‍ദേശീയ നേതാക്കള്‍ അടക്കം ഏഴായിരത്തോളം അതിഥികളാണ് സത്യപ്രതിജ്ഞാ ചടങ്ങിന് മോടി കൂട്ടാനെത്തുക. വൈകിട്ട് 7 മണിക്ക് രാഷ്ട്രപതി ഭവനില്‍ വെച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മമത ബാനര്‍ജിയും അരവിന്ദ് കെജ്രിവാളും അടക്കമുള്ള മുഖ്യമന്ത്രിമാര്‍, പ്രമുഖ പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.

സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ചായ സത്കാരവും അത്താഴവും ഉണ്ടെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ചടങ്ങിനെത്തുന്ന പ്രമുഖരെ കുറിച്ചുള്ള വാര്‍ത്തകളൊക്കെ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. എണ്ണായിരത്തോളം അതിഥികള്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നാണ് വിവരങ്ങള്‍. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അവര്‍ക്കായി ഒരുക്കുന്ന അത്താഴ വിരുന്നും.

ഇതിലെ വിഭവങ്ങളെ കുറിച്ച്‌ അറിഞ്ഞാല്‍ ശരിക്കും വായില്‍ വെള്ളമൂറും. രാജ്യത്തെ വ്യത്യസ്ത രുചിഭേദങ്ങള്‍ സമ്മേളിക്കുന്നിടമായിരിക്കും അത്താഴവിരുന്നെന്നാണ് വിലയിരുത്തല്‍. വെജിറ്റേറിയന്‍ ഭക്ഷണവും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും അത്താഴ വിരുന്നിലുണ്ട്. സമോസ മുതല്‍ രാജ് ഭോജ് വരെ വെജിറ്റേറിയന്‍ വിഭത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതിനു പുറമെ ലെമണ്‍ ടാര്‍ട്ടും ഉണ്ട് .

ചിക്കന്‍ മലൈ ടിക്ക, ദഹി കബാബ്, തന്തൂരി മഷ്റൂം, മസ്റ്റാഡ് ഫിഷ് കറി, മട്ടന്‍ റോഗന്‍ ജോഷ് എന്നിവയാണ് നോണ്‍ വെജ് വിഭവങ്ങള്‍.അത്താഴ വിരുന്നിലെ പ്രധാന വിഭവം ഡാല്‍ റയാസിനയാണ്. ഇത് പാകം ചെയ്തുകഴിഞ്ഞെന്നാണ് എക്കണോമിക്സ് ടൈംസ് വ്യക്തമാക്കുന്നത്.രാഷ്ട്രപതി ഭവനിലെ പ്രത്യേക വിഭവമാണ് ഡാല്‍ റയാസിന. ഇന്ത്യന്‍ രാഷ്ട്രപതിമാരുടെ പാചകക്കാരനായി നിയമിതനായ ആദ്യ പാചകക്കാരനായ മചിന്ദ്ര കസ്ചര്‍ ആണ് ഡാല്‍ റയാസിന അവതരിപ്പിക്കുന്നത്.

ഉഴുന്നും തക്കാളി അരച്ചതും ചേര്‍ത്തുണ്ടാക്കുന്ന പ്രത്യേക വിഭവമാണ് ഡാല്‍ റയാസിന. ഇതിനൊപ്പം കുങ്കുമപ്പൂവും കസൂരി മേത്തിയും ചേര്‍ക്കുന്നുണ്ട്. ചെറിയ അളവില്‍ സുഗന്ധ വ്യഞ്ജനങ്ങളും ഇതിലുണ്ട്.മാ കി ഡാല്‍ എന്ന വിഭവത്തിന്റെ വകഭേദമാണ് ഡാല്‍ റയാസിന. 48 മണിക്കൂറാണ് ഇത് പാകം ചെയ്യാന്‍ വേണ്ട സമയം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments