വര്‍ത്തമാന ഫുട്‌ബോളിലെ മികച്ച കളക്കാരനെന്ന് വാഴ്ത്തപ്പെടുന്ന ലയണല്‍ മെസ്സിക്ക് ഇന്ന് വിവാഹം. ബാല്യകാല സുഹൃത്തും തന്റെ രണ്ട് മക്കളുടെ അമ്മയുമായ ആന്റോനെല്ല റോക്കുസോയെ ആണ് മെസ്സി വിവാഹം ചെയ്യുന്നത്. അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തില്‍ നടക്കുന്ന ആഢംബര വിവാഹത്തില്‍ പങ്കെടുക്കാന്‍ ഫുട്‌ബോള്‍ ലോകത്തെയും പുറത്തുമുള്ള മെസ്സിയുടെ സുഹൃത്തുക്കളെല്ലാം എത്തിച്ചേര്‍ന്നിട്ടുണ്ട്. മക്കളായ തിയാഗോയുടെയും മാറ്റിയോയുടെയും സാന്നിധ്യത്തിലാണ് വിവാഹം.
അഞ്ചാം വയസ്സു മുതല്‍ കളിക്കൂട്ടുകാരിയായ ആന്റോനെല്ലയുമായുള്ള ബന്ധം 13-ാം വയസ്സില്‍ സ്‌പെയിനിലേക്ക് കുടിയേറിയതിനു ശേഷവും മെസ്സി ഉപേക്ഷിച്ചിരുന്നില്ല. പഠന കാലത്തിനു ശേഷം ആന്റോനെല്ല മെസ്സിക്കൊപ്പം ബാര്‍സലോണയിലായിരുന്നു താമസം.
റൊസാരിയോ സിറ്റി സെന്ററിലെ അത്യാഢംബര സൗകര്യങ്ങളാണ് മെസ്സിയുടെ വിവാഹത്തിനായി ഒരുങ്ങുന്നത്. കോംപ്ലക്‌സിനകത്തെ 188 മുറികളുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലാണ് അതിഥികളുടെ താമസത്തിനായി ഒരുക്കിയിട്ടുള്ളത്. ഒരൊറ്റ രാത്രി തങ്ങാന്‍ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്നതാണ് റൊസാരിയോ സിറ്റി സെന്ററിലെ താമസ സൗകര്യം.
ബാര്‍സലോണയില്‍ നിന്നു ലഭിച്ച സുഹൃത്തുക്കളായ സെര്‍ജിയോ ബുസ്‌കെസ്, ജോര്‍ഡി ആല്‍ബ, കാര്‍ലസ് പുയോള്‍, സെസ്‌ക് ഫാബ്രിഗസ്, ഷാവി ഹെര്‍ണാണ്ടസ്, സാമുവല്‍ എറ്റു തുടങ്ങിയവര്‍ തലേദിവസം തന്നെ റൊസാരിയോയില്‍ എത്തിയിരുന്നു. മിക്കവരും കുടുംബ സമേതമാണ് എത്തിയത്. മക്കള്‍ക്കും ഭാര്യക്കുമൊപ്പം ലൂയിസ് സുവാരസും എത്തിച്ചേര്‍ന്നിട്ടുണ്ട്. സെര്‍ജിയോ അഗ്വേറോയുടെ ബാര്യ കരീന വിവാഹാഘോഷത്തിലെ നൃത്തത്തിനായി ഗാനമാലപിക്കും.
ബീഫ് കൊണ്ടുണ്ടാക്കുന്ന ‘ലോക്രോ’ സ്റ്റിയൂ, എംപാന്‍ഡ പാസ്റ്റീസ് തുടങ്ങിയ പ്രാദേശിക വിഭവങ്ങളായിരിക്കും ഭക്ഷണത്തിലെ പ്രധാന ആകര്‍ഷണം.