വിവിധ ഇടങ്ങളില്‍ ശ്രീകൃഷ്ണ പ്രതിമകള്‍ തകര്‍ത്തു; താന്‍ കല്‍ക്കി അവതാരമാണെന്ന് പ്രതി

കായംകുളത്തിനടുത്തു കൃഷ്ണപുരത്ത് വിവിധ ഇടങ്ങളില്‍ ശ്രീകൃഷ്ണ പ്രതിമകള്‍ തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് കാപ്പില്‍ മേക്ക് മേനാത്തേരിക്കു സമീപം പ്രയാഗാനന്ദാശ്രമം (നെടുന്തറയില്‍) സോമരാജപ്പണിക്കരെ (60) പോലിസ് അറസ്റ്റ് ചെയ്തു. താന്‍ കല്‍ക്കി അവതാരമാണെന്നും പ്രതിമകള്‍ സ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ഇയാള്‍ പോലിസിനു മൊഴി നല്‍കിയത്. കൃഷ്ണപുരം മേജര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിനു സമീപം ദേശീയപാതയോരത്ത് സ്ഥാപിച്ച കാണിക്കവഞ്ചിയിലെ ശ്രീകൃഷ്ണ പ്രതിമയും മേനാത്തേരി കനകഭവനില്‍ ജയദീപന്റെ വീടിനു മുമ്പില്‍ സ്ഥാപിച്ച ശ്രീകൃഷ്ണ പ്രതിമയുമാണു തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഇയാള്‍ പ്രതിമകള്‍ തകര്‍ത്തത്. പുലര്‍ച്ചെ ക്ഷേത്രജീവനക്കാരനാണ് കാണിക്കവഞ്ചിയിലെ ശ്രീകൃഷ്ണപ്രതിമ തകര്‍ത്തതായി കണ്ടത്. സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടം തടിച്ചുകൂടി. ഈ സമയത്താണ് മേനാത്തേരിയിലും ശ്രീകൃഷ്ണപ്രതിമ തകര്‍ത്തതായറിഞ്ഞത്. തുടര്‍ന്നാണ് പോലിസ് സോമരാജപ്പണിക്കരെ പിടികൂടിയത്. മൂന്നുമാസം മുമ്പ് മേനാത്തേരി ബംഗ്ലാവില്‍ ഇന്ദ്രജിത്തിന്റെ വീടിനു മുന്‍വശത്തെ ശ്രീകൃഷ്ണവിഗ്രഹം തകര്‍ത്തതും ഇയാളാണെന്ന് പോലിസ് പറഞ്ഞു. നാലുവര്‍ഷം മുമ്പ് ഇയാള്‍ മേനാത്തേരി ഗുരുമന്ദിരത്തിലെ ഗുരുദേവ പ്രതിമ തകര്‍ത്തതിന് അറസ്റ്റിലായിരുന്നു.