Friday, October 11, 2024
HomeNationalമുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കി

മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കി

മുസ്ലിം വിവാഹമോചനവുമായി ബന്ധപ്പെട്ട് നടക്കുന്ന മുത്വലാഖ് രാജ്യത്ത് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയിലും പാസായി. മുത്വലാഖ് ചൊല്ലിയാല്‍ ഭര്‍ത്താവിന് മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന വകുപ്പാണ് പുതിയ ബില്‍. ചൊവ്വാഴ്ചയാണ് 240 അംഗ രാജ്യസഭയില്‍ മുത്തലാഖ് ബില്‍ പാസായത്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമമായി മാറും.

പ്രതിപക്ഷത്തിന്റെ പിന്തുണയോടുകൂടിയാണ് ബില്‍ പാസാക്കിയത് എന്നുവേണമെങ്കില്‍ പറയാന്‍ സാധിക്കും. കാരണം പ്രതിപക്ഷത്തിന്റെ യോജിപ്പില്ലായ്മയാണ് ബിജെപിക്ക് ബില്‍ പാസാക്കാന്‍ തുണയായത്. 99 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 84 എംപിമാര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. വെറും 15 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബില്‍ പാസായപ്പോള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത് ആറോളം പാര്‍ട്ടികളാണ്. ഇതോടെ ബില്‍ പാസാക്കാനുള്ള അംഗങ്ങളുടെ എണ്ണം കുറഞ്ഞത് സര്‍ക്കാരിന് നേട്ടമായി.

നേരത്തെ ലോക്‌സഭയില്‍ മൂന്ന് തവണ പാസായ ബില്ലിനെ രാജ്യസഭ കടത്താന്‍ അമിത് ഷായ്ക്കും ബിജെപിക്കും സാധിച്ചിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച ചേര്‍ന്ന സഭയില്‍ പ്രതിപക്ഷനിര ഭിന്നിച്ച്‌ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതോടെ ബില്‍ സുഖമായി പാസാക്കിയെടുക്കാന്‍ സാധിച്ചു. ഭരണപക്ഷത്തുള്ള ജെഡിയു, എഐഎഡിഎംകെ എന്നീ കക്ഷികളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എന്‍ഡിഎ ഘടകകക്ഷി അല്ലാതിരുന്നിട്ടും ബിജു ജനതാദള്‍ മുത്തലാഖ് നിരോധന ബില്ലിനെ പിന്തുണച്ചു.

അങ്ങനെ ഒരു പ്രാകൃതനിയമം കൂടി ഇല്ലാതായി എന്ന് വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചു. മുത്തലാഖ് നിരോധന ബില്‍ പാസായതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതികരണം. ബില്‍ പാസായതോടെ ഒരു പ്രാകൃത ആചാരം ചവറ്റുകുട്ടയില്‍ എറിഞ്ഞു. അവസരത്തിനൊത്തുയര്‍ന്ന് ബില്ലിനെ പിന്തുണച്ച എല്ലാ പാര്‍ട്ടികള്‍ക്കും എംപിമാര്‍ക്കും നന്ദി അറിയിച്ച പ്രധാനമന്ത്രി മുസ്ലീം സ്ത്രീകളോട് ചരിത്രപരമായി ചെയ്ത പാപത്തിന് പരിഹാരമായിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ബില്‍ ലിംഗ നീതിയുടെ വിജയമാണെന്നും അദ്ദേഹം കുറിച്ചു.

ബില്‍ പാസായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി മോഡിയെ അഭിനന്ദിച്ചു. മുത്വലാഖ് നിരോധന നിയമം ദുരാചാരത്തില്‍ നിന്ന് മുസ്ലീം സ്ത്രീകളെ മോചിപ്പിക്കുമെന്നും ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന് നിര്‍ണായകമായ ദിനമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments