വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന കേസില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന സെന്‍കുമാറിന്റെ ആവശ്യം കോടതി നിരസിച്ചു. പക്ഷേ, സെന്‍കുമാറിന്റെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി.
വ്യാജരേഖകള്‍ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സെന്‍കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് കേസിന്റെ അന്വേഷണ ചുമതല.
അവധിയിലായിരുന്ന എട്ടുമാസം വ്യാജ രേഖ സമര്‍പ്പിച്ച് മെഡിക്കല്‍ അവധിയാക്കി മാറ്റി സര്‍ക്കാരില്‍നിന്ന് 8 ലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. വിജിലന്‍സ് പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിനെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.