Tuesday, May 7, 2024
HomeKeralaപാലാരിവട്ടം മേല്‍പാലം അഴിമതി; നാലു പേരെ അറസ്റ്റു ചെയ്തു

പാലാരിവട്ടം മേല്‍പാലം അഴിമതി; നാലു പേരെ അറസ്റ്റു ചെയ്തു

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ഗുരുതരമായ ക്രമക്കേടും അഴിമതിയും സംബന്ധിച്ച് അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് അടക്കം നാലു പേരെ അറസ്റ്റു ചെയ്തു.പാലത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടത്ത ആര്‍ഡിഎസ് പ്രോജക്ട്‌സിന്റെ എം ഡി സുമിത് ഗോയല്‍, കിറ്റ്‌കോമുന്‍ എംഡി ബെന്നി പോള്‍, തങ്കച്ചന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് നാല് പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. നാല് പ്രതികളെയും ഇന്നു വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.കേസെടുത്ത് അന്വേഷണം ആരംഭിച്ച് വിജിലന്‍സ് നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറില്‍ 17 പേര്‍ക്കെതിരെയാണ് പരാമര്‍ശം നടത്തിയിരുന്നത്. ഇതിലുള്‍പ്പെട്ട നാലു പേരെയാണ് ഇപ്പോള്‍ അറസ്റ്റു ചെയ്തിരിക്കുന്നത്.വരും ദിവസങ്ങളില്‍ കേസില്‍ കുടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് ലഭിക്കുന്ന വിവരം.2014-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്് പാലാരിവട്ടത്ത് മേല്‍പ്പാലം നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനായിരുന്നു നിര്‍മ്മാണ മേല്‍നോട്ടം.ആര്‍ഡിഎസ് പ്രോജക്ടിനെയാണ് നിര്‍മ്മാണച്ചുമതല ഏല്‍പ്പിച്ചത്.സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്‌കോയായിരുന്നു പ്രൊജക്ട് കണ്‍സള്‍ട്ടന്റ്. 2014 സെപ്റ്റംബര്‍ ഒന്നിന് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു.തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാക്കി 2016 ഒക്ടോബറില്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു.എന്നാല്‍ മൂന്നു വര്‍ഷം പിന്നിടുന്നതിനുള്ളില്‍ തന്നെ പാലം തകര്‍ച്ചയിലായി. പിന്നീട് പാലം ഗതാഗതം നടത്താന്‍ കഴിയാത്തവിധം തകര്‍ന്നതോടെ കഴിഞ്ഞ മെയ് ഒന്നു മുതല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ചെന്നൈ ഐ ഐ ടിയില്‍ നിന്നുള്ള വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതരമായ ക്രമക്കേടും വീഴ്ചയും നടന്നതായി കണ്ടെത്തി.തുടര്‍ന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം ഏറ്റെടുത്ത വിജിലന്‍സ് ജൂണില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. 17 പേര്‍ക്കെതിരെ അന്വേഷണം വേണമെന്നും റിപോര്‍ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട് ഇവരെ പലപ്പോഴായി ചോദ്യം ചെയ്തു. ഇതിനു ശേഷമാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് എത്തിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments