പാമ്ബാടി നെഹ്റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം നിര്‍ണായക കണ്ടെത്തലുമായി സിബിഐ. ജിഷ്‌ണു ആത്മഹത്യ ചെയ്തതാണെന്ന് സിബിഐയുടെ കുറ്റപത്രം. വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍, സി.പി പ്രവീണ്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഒഴിവാക്കി. ഇയാള്‍ക്കെതിരെ തെളിവില്ലെന്ന് സിബിഐ.
നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ അഞ്ചുപേരെയാണ് പ്രതികളായി കണ്ടെത്തിയിരുന്നത്. നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, എന്‍ ശക്തിവേല്‍, പി പി പ്രവീണ്‍, പിആര്‍ഒ സഞ്ജിത് സഞ്ജിത് വിശ്വനാഥന്‍, പരീക്ഷാച്ചുമതലയിലുണ്ടായിരുന്ന അധ്യാപകന്‍ ബിപിന്‍ എന്നിവരാണ് അന്ന് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ജിഷ്ണു പ്രണോയ് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് തെറ്റായി പ്രചരിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കോപ്പിയടിച്ചെന്ന് ജിഷ്ണുവിനെക്കൊണ്ട് എന്‍ ശക്തിവേലും സി പി പ്രവീണും ബലമായി എഴുതി ഒപ്പിട്ടുവാങ്ങി. . അതുകൊണ്ടാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവം നടക്കുമ്ബോള്‍ കൃഷ്ണദാസ് കോളേജില്‍ ഉണ്ടായിരുന്നുമില്ല. അതുകൊണ്ടുതന്നെ അവര്‍ക്കൊന്നുമെതിരെ കുറ്റം ചുമത്താന്‍ ആകില്ലെന്നാണ് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.