Tuesday, May 7, 2024
HomeKeralaഡിജിപി ജേക്കബ് തോമസ് സര്‍വീസിലേക്ക് തിരിച്ചെത്തുന്നു

ഡിജിപി ജേക്കബ് തോമസ് സര്‍വീസിലേക്ക് തിരിച്ചെത്തുന്നു

രണ്ടുവര്‍ഷത്തോളം സസ്‌പെന്‍ഷനിലായിരുന്ന ഡിജിപി ജേക്കബ് തോമസ് വീണ്ടും സര്‍വീസിലേക്ക് തിരിച്ചെത്തുന്നു. ഏറെ നാളത്തെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് നിയമനം ലഭിക്കാന്‍ പോകുന്നത്. വ്യവസായ വകുപ്പിന് കീഴിലെ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്റസ്ട്രീസ് ലിമിറ്റഡ് എംഡിയായിട്ടാകും നിയമനം. ഉത്തരവ് ഇറങ്ങിയിട്ടില്ല. അപ്രധാന തസ്തിക ആയതിനാല്‍ നിയമനം ജേക്കബ് തോമസ് സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. ഈ സ്ഥാപനത്തില്‍ ആദ്യമായിട്ടാണ് ഒരു ഐപിഎസ്സുകാരനെ നിയമിക്കുന്നത്.

സീനിയറായ ഉദ്യോഗസ്ഥനെ ഏറെകാലം സസ്‌പെന്‍ഷനില്‍ നിര്‍ത്താന്‍ സാധിക്കില്ലെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചില്ല. തുടര്‍ന്ന് ജേക്കബ് തോമസ് വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചു. തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ജേക്കബ് തോമസിന്റെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തത്.

2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. ഓഖി ദുരന്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്നാരോപിച്ചാണ് ആദ്യം നടപടിയെടുത്തത്. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ തന്നെ കേഡര്‍ തസ്തികയില്‍ തന്നെ നിമയിക്കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവയാണ് കേഡര്‍ തസ്തികകള്‍. എന്നാല്‍ അദ്ദേഹത്തിന്റെ പേരിലുള്ള കേസുകളില്‍ അന്വേഷണം തുടരുന്നതിനാല്‍ പ്രധാന തസ്തികകളില്‍ നിയമനം പറ്റില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഇനിയും നിയമനം വൈകിയാല്‍ ജേക്കബ് തോമസ് വീണ്ടും നിയമ നടപടികളിലേക്ക് കടക്കുമോ എന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്. അത്തരം നടപടികളിലേക്ക് എത്തിക്കേണ്ട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അപ്രധാന തസ്തികകളില്‍ നിയമനം നല്‍കുന്നത്. നിയമന ഉത്തരവ് വരുംദിവസങ്ങളില്‍ തന്നെ പുറത്തിറങ്ങുമെന്നാണ് വിവരം

RELATED ARTICLES
- Advertisment -

Most Popular

Recent Comments