Wednesday, September 11, 2024
HomeKeralaനടി ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് വിധേയയാകുമായിരുന്നുവെന്ന വിവരം പലര്‍ക്കും അറിയാമെന്ന് പോലിസ്

നടി ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് വിധേയയാകുമായിരുന്നുവെന്ന വിവരം പലര്‍ക്കും അറിയാമെന്ന് പോലിസ്

ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മിലുള്ള വ്യക്തിവൈരാഗ്യം സിനിമാ മേഖലയില്‍ സജീവ ചര്‍ച്ചയായിരുന്നതായി പോലിസിന് വിവരം ലഭിച്ചു. നടി ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് വിധേയയാകുമായിരുന്നുവെന്ന വിവരം പലര്‍ക്കും അറിയാമെന്ന് പോലിസ് കണക്ക് കൂട്ടുന്നു. ദിലീപിനു നടിയോടുള്ള വൈരാഗ്യത്തെപ്പറ്റി പലര്‍ക്കും വ്യക്തമായ അറിവുണ്ടായിരുന്നതായിട്ടാണ് പോലിസിനു വിവരം ലഭിച്ചിട്ടുള്ളത്. ഈ വിവരങ്ങള്‍ അറിഞ്ഞിട്ടും ഇത്രയുംകാലം മറച്ചുവയ്ക്കാനുള്ള കാരണങ്ങളാവും പോലിസ് അന്വേഷിക്കുക. കൂടാതെ അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ ദിലീപിനെ പിന്തുണച്ചവരില്‍നിന്നും അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിക്കും. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കില്ലെന്നാണ് സൂചന. വ്യക്തമായ വിവരങ്ങള്‍ ലഭിക്കാതെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പള്‍സര്‍ സുനിക്കുവേണ്ടി ദിലീപിനു കത്തെഴുതിയ വിപിന്‍ലാലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളില്‍നിന്നു സുനിയുടെ ജയിലിനുള്ളിലെ നീക്കങ്ങളെപ്പറ്റി അറിയാന്‍ അന്വേഷണ സംഘത്തിനു സാധിച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍ ദിലീപിന്റെ ഇടപെടലുകളും 2013ല്‍ അമ്മയുടെ താരനിശ സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനുമായി ചോദ്യംചെയ്യാനുള്ളവരുടെ പുതിയ പട്ടിക പോലിസ് തയ്യാറാക്കുന്നുണ്ട്. 2013ല്‍ അമ്മയുടെ താരനിശയോടനുബന്ധിച്ച് കൊച്ചിയിലെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ നടന്ന റിഹേഴ്‌സലിനിടയില്‍ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായെന്നും തുടര്‍ന്നു ദിലീപ് സുനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നുമാണ് ദിലീപിന്റെ അറസ്റ്റിനു ശേഷം അങ്കമാലി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പോലിസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. അമ്മയുടെ താരനിശയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അമ്മയുടെ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതില്‍നിന്ന്  ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കൂടുതല്‍ പേരില്‍നിന്നു വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലിസ് ശ്രമിക്കുന്നത്. താരനിശയുടെ റിഹേഴ്‌സലിലുണ്ടായിരുന്ന പ്രധാന താരങ്ങളെയടക്കം വിളച്ചു വരുത്തുമെന്നാണ് ഉന്നത പോലിസ് വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments