സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാംമതം സ്വീകരിച്ച് മതപഠനത്തിനായി വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ട് ഹൈക്കോടതി ഉത്തരവിട്ടു. കാസര്‍കോഡ് ഉദുമ കരിപ്പോടി കണിയാമ്പാടിയിലെ ആതിര എന്ന ആയിശയെയാണ് ഹൈക്കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടത്. മതവിശ്വാസം പിന്തുടരാന്‍ സൗകര്യമൊരുക്കാമെന്ന വീട്ടുകാരുടെ ഉറപ്പ് പരിഗണിച്ചാണ് പെണ്‍കുട്ടിയുടെ മാതാവ് ആശ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയിലെ ഉത്തരവ്.
സ്വന്തം ഇഷ്ടപ്രകാരമാണ് മതപഠനത്തിന് പോയതെന്നും ഇസ്‌ലാമിക് സ്‌റ്റേറ്റ് സംഘടനയില്‍ ചേര്‍ന്നു എന്ന പ്രചാരണം തെറ്റാണെന്നും ആതിര എന്ന ആയിശ ഹൈക്കോടതിയെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണം തുടരട്ടേ എന്നു കോടതി പറഞ്ഞു. കേസിലെ ആരോപണ വിധേയരുമായും പോലിസ് സംശയിക്കുന്നവരുമായും ബന്ധപ്പെടാനുള്ള അവസരം ഉണ്ടാവരുത്. ആവശ്യമെങ്കില്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും നിയമപരമായ സംരക്ഷണം നല്‍കണമെന്നും ഉത്തരവില്‍ കോടതി പറഞ്ഞു. ജൂലൈ 10ന് കാണാതായ ആതിരയെ വ്യാഴാഴ്ച കണ്ണൂര്‍ ബസ്സ്റ്റാന്റില്‍ നിന്നാണ് ബേക്കല്‍ പോലിസ് പിടികൂടിയത്. ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതി മറ്റാരുടേയും പ്രേരണയുണ്ടായിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം മതം മാറുകയായിരുന്നുവെന്നും മൊഴി നല്‍കി. സ്വന്തം ഇഷ്ടപ്രകാരം പോവാന്‍ അനുവദിക്കണമെന്ന യുവതിയുടെ വാദം കോടതി സ്വീകരിച്ചു. തുടര്‍ന്ന് യുവതിയെ പരവനടുക്കത്തെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഇവരുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ കത്ത് കണ്ടെത്തിയിരുന്നു. ഇസ്‌ലാംമതത്തില്‍ ചേരാന്‍ പോവുകയാണെന്നാണ് കത്തില്‍ വ്യക്തമാക്കിയിരുന്നത്.