യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു

joseph mar gregorios

യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്ന സഭാ സുന്നഹദോസിൽ വോട്ടെടുപ്പിലൂടെയാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടത്തും.

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക രാജി വെച്ചതോടെയാണ് യാക്കോബായ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി പദവിയിൽ ഒഴിവ് വന്നത്. മൂന്നംഗ മെത്രാൻ സമിതിയെ പാത്രീയാർക്കീസ് ബാവ ഭരണ നിർവഹണത്തിനായി നിയോഗിച്ചിരുന്നു. പുത്തൻകുരിശ്ശിൽ ഇന്ന് ചേർന്ന സഭാ സിനഡിലാണ് ട്രസ്റ്റി പദവിയിലേക്ക് വോട്ടെടുപ്പ് നടത്തിയത് . നിലവിലെ മൂന്നംഗ മെത്രാൻ സമിതിയിലുള്ളവരുടെ പേരുകൾ ഉൾപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ജോസഫ് മാർ ഗ്രിഗോറിയോസിന് 12 വോട്ടും തോമസ് മാർ തീമോത്തിയോസിന് 4 വോട്ടും എബ്രഹാം മാർ സേവേറിയോസിന് 2 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.

ആകെ 19 മെത്രാപ്പോലീത്തമാരാണ് സുന്നഹദോസിൽ പങ്കെടുത്തത്. ആഗസ്റ്റ് 28 ന് ചേരുന്ന സഭാ അസോസിയേഷൻ യോഗത്തിലാകും ഔദ്യോഗീക പ്രഖ്യാപനമുണ്ടാവുക. നിലവിൽ കൊച്ചി ഭദ്രാസനാധിപനാണ് മാർ ഗ്രിഗോറിയേസ്.