നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു, എൻ.ഡി.എയുടെ ഭാഗമായതോടെ വീരേന്ദ്രകുമാർ നയിക്കുന്ന കേരളാ വിഭാഗം ഇടതുമുന്നണിയിലേക്ക് മടങ്ങിവരാൻ തയാറാകുന്നു.ഇതിന്റെ ഭാഗമായി വീരേന്ദ്രകുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കോഴിക്കോട് ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.വീരേന്ദ്രകുമാർ ഇടതുമുന്നണിയിലേക്ക് മടങ്ങിവരാൻ സന്നദ്ധത അറിയിച്ചതായി പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ശരത് യാദവ് നയിക്കുന്ന ജെ.ഡി.യുവിലേക്ക് ഇല്ലെന്നു വീരേന്ദ്രകുമാർ വിഭാഗം വ്യക്തമാക്കി. യാദവിനൊപ്പം കേരളാ ഘടകത്തിലെ ചിലർ തുടരുകയാണെന്ന് പ്രഖ്യാപിച്ചതോടെ ജെ.ഡി.യു കേരളാ ഘടകത്തിൽ ഭിന്നത ഉടലെടുത്തിട്ടുണ്ട്.സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ ജെ.ഡി.യുവിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു.അതേസമയം, യു.ഡി.എഫ് വിടുന്നതിൽ ജെ.ഡി.യു കേരളാ ഘടകത്തിൽ ഭിന്നത നിലനിൽക്കുന്നുണ്ട്.