കേന്ദ്രമന്ത്രിസഭാ പുനഃസംഘന അടുത്തു തന്നെയുണ്ടാകുമെന്ന് സൂചന. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി. അരുണ്‍ ജെയ്റ്റ്ലി, നരേന്ദ്രസിങ് തോമര്‍, നിര്‍മല സീതാരാമന്‍, ജിതേന്ദ്രസിങ്, പി പി ചൗധരി തുടങ്ങിയവരുമായാണ് ചര്‍ച്ച നടത്തിയത്.
അടുത്തയാഴ്ചത്തെ പ്രധാനമന്ത്രിയുടെ ചൈനാ സന്ദര്‍ശനത്തിനു മുമ്പു തന്നെ മന്ത്രിസഭ പുനഃസംഘടിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. സെപ്റ്റംബര്‍ മൂന്നുമുതല്‍ അഞ്ചുവരെ ചൈനയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി അവിടേക്ക് പോകുന്നത്.
പുതുതായി എന്‍ ഡി എ മുന്നണിയിലെത്തിയ ജനതാദള്‍ യുണൈറ്റഡ്, എ ഐ എ ഡി എം കെ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. 2016 ജൂലായിലാണ് ഇതിനു മുമ്പ് പുനഃസംഘടന നടത്തിയത്.
ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തുവെന്നാണ് സൂചന. അതേസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും മറ്റൊരു വിഷയവും പരിഗണിച്ചില്ലെന്നും ബി ജെ പി രാജ്യസഭാ എം.പി ഭൂപേന്ദ്ര യാദവ് പറഞ്ഞു.
പ്രതിരോധം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാരെ കണ്ടെത്തേണ്ടതുമുണ്ട്. നിലവില്‍ അരുണ്‍ ജെയ്റ്റ്ലി, ഹര്‍ഷവര്‍ധന്‍ എന്നിവരാണ് ഈ വകുപ്പുകളുടെ അധികചുമതല വഹിക്കുന്നത്.