രണ്ട് പവനിൽ കൂടുതൽ സ്വർണം വാങ്ങണമെങ്കിൽ ഉപഭോക്താക്കൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം 50000 രൂപയ്ക്ക് മുകളിൽ സ്വർണം വാങ്ങിയാൽ നിങ്ങൾ തീർച്ചയായും തിരിച്ചറിയൽ രേഖയുടെ പകർപ്പ് നൽകണം.
നിങ്ങളുടെ കൈവശമുള്ള പഴയ സ്വർണം വിൽക്കുന്നതിനും തിരിച്ചറിയൽ രേഖ ആവശ്യമാണ്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനാണ് കേന്ദ്ര സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ വ്യാപാരത്തെ സംബന്ധിക്കുന്ന ചട്ടത്തിൽ മാറ്റം വരുത്തിയത്. നിലവിൽ രണ്ട് ലക്ഷം രൂപയിൽ കൂടുതൽ തുകയ്ക്ക് സ്വർണം വാങ്ങിയാൽ പാൻ കാർഡ് നിർബന്ധമാണ്.
പുതിയ വിജ്ഞാപനമനുസരിച്ച് രണ്ട് പവനിൽ കൂടുതൽ സ്വർണം വാങ്ങുന്നവർ തിരിച്ചറിയൽ രേഖയും ഹാജരാക്കണം. സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള ലോഹങ്ങളുടെ വ്യാപാരം സംബന്ധിച്ച രേഖകൾ പരിശോധിക്കാൻ ജിഎസ്ടി കൗൺസിൽ പ്രത്യേക പദവി നൽകി ചില ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ നിരീക്ഷണത്തിലാകും ഇനി സ്വർണം, വെള്ളി തുടങ്ങിയ ലോഹങ്ങളുടെ വ്യാപാരം സംബന്ധിച്ച രേഖകൾ.
പുതിയ ചട്ടപ്രകാരം സംസ്ഥാനത്ത് സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരില്‍ നിന്നും വ്യാപാരികള്‍ തിരിച്ചറിയല്‍ രേഖ വാങ്ങി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇനി സ്വർണം വാങ്ങാൻ ജൂവലറികളിൽ പോകുന്നവർ തിരിച്ചറിയൽ രേഖയെടുക്കാൻ മറക്കേണ്ട. ഡിജിറ്റല്‍ ഇടപാട് അല്ലാതെ പണം നേരിട്ട് നല്‍കി സ്വര്‍ണം വാങ്ങുന്ന ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കാനും ശുപാര്‍ശയുണ്ട്. കൂടാതെ എല്ലാ സ്വർണ ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാക്കാൻ ധനമന്ത്രാലയത്തിന്റെ വിദഗ്ധ സമിതി കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു. ഓണമടുത്തതോടെയാണ് സ്വർണ വിപണി ഉണർന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ രണ്ട് ദിവസമായി സ്വർണവില കുത്തനെ ഉയരുകയാണ്. 22,120 രൂപയാണ് ഇന്നലെ സ്വർണത്തിന്റെ വിപണി വില. വേൾഡ് ഗോൾഡ് കൗൺസിലിൻറെ കണക്കുകളനുസരിച്ച് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള പത്തു രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളും ഇന്ത്യക്കാരാണ്. 557.7 ടൺ ആണ് ഇന്ത്യയുടെ സ്വർണ ശേഖരം.