Saturday, September 14, 2024
HomeNationalലിംഗമാറ്റം നടത്തി സ്ത്രീയായ സാബിയെ ജോലിയില്‍ നിന്നും പുറത്താക്കി

ലിംഗമാറ്റം നടത്തി സ്ത്രീയായ സാബിയെ ജോലിയില്‍ നിന്നും പുറത്താക്കി

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ നാവിക, സാബി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് ജോലി നിലനിര്‍ത്താനുള്ള നിയമ പോരാട്ടത്തിലാണ്. ശസ്ത്രക്രിയയിലൂടെ ലിംഗമാറ്റം നടത്തി സ്ത്രീയായ സാബിയെ ജോലിയില്‍ നിന്നും പുറത്താക്കി. 30 വയസ്സുകാരിയായ സാബി ഏഴ് വര്‍ഷം മുമ്പാണ് നാവികസേനയിലെ മറൈന്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ ജോലിയ്ക്ക് കയറുന്നത്. ജോലിക്കു പ്രവേശിക്കുമ്പോള്‍ സാബി ഒരു ആണായിരുന്നു. എം.കെ. ഗിരിയെന്നായിരുന്നു പേരും. തന്നില്‍ സ്ത്രീത്വം വളരുന്നുണ്ടെന്ന് മനസിലാക്കിയ സാബി നാവികസേനയിലെ ഡോക്ടര്‍മാരോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് 22 ദിവസത്തെ അവധിയെടുത്ത് ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സാബിയായി തിരിച്ച് ജോലിയില്‍ പ്രവേശിച്ചെങ്കിലും ഗിരിയായിതന്നെ ജോലിയില്‍ തുടര്‍ന്നു. എന്നാല്‍ മൂത്രാശയ അണുബാധ വന്നതിനെ തുടര്‍ന്ന് തന്റെ ലിംഗമെന്തെന്ന് സാബിയ്ക്ക് വെളിപ്പെടുത്തേണ്ടിവന്നു. തുടര്‍ന്ന് സാബിയെ എല്ലാവരും സ്ത്രീയായി പരിഗണിച്ചു തുടങ്ങിയെങ്കിലും നേവി ആശുപത്രിയിലെ പുരുഷന്‍മാരുടെ വാര്‍ഡിലായിരുന്നു സാബിയെ പ്രവേശിപ്പിച്ചത്. കാവലിനായി 24 മണിക്കൂറും പുരുഷന്മാരായ സൈനിക ഉദ്യോഗസ്ഥരും. തുടര്‍ന്ന് നേവിയില്‍ ജോലിചെയ്യാന്‍ പര്യാപ്തയല്ലെന്ന് പറഞ്ഞ് സാബിയെ മാനസികമായി മേലുദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. പിന്നീട് ആറുമാസത്തോളം സാബി മാനസികരോഗ വാര്‍ഡിലായിരുന്നു. ഇവിടുത്തെ ജീവിതം ജയിലിനു സമമായിരുന്നു എന്ന് സാബി പറയുന്നു. ഒരുപാടു കഷ്ടപ്പാടിനു ശേഷം ഓഗസ്റ്റ് 12 ന് സാബിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. അവസാനം നാവികസേന താവളത്തില്‍ തിരിച്ചെത്തിയ സാബിയുടെ കേസ് ഭാവി തീരുമാനങ്ങള്‍ക്കായി സേന പ്രതിരോധ മന്ത്രാലയത്തില്‍ അറിയിക്കുകയായിരുന്നു. തനിക്ക് കമാന്‍ഡിങ് ഓഫീസറോട് സംസാരിക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ നിരസിക്കുകയാണ് ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായ ഒരാള്‍ എങ്ങനെ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമല്ലാതാവും എന്നാണ് സാബി ചോദിക്കുന്നത്. ഇന്ത്യന്‍ നാവികസേനയുടെ നിലവിലെ നയം അനുസരിച്ച് ട്രാന്‍സ്‌ജെന്‍ഡറുകളെ സേനയില്‍ എടുക്കില്ലെന്നാണ് സാബിയക്ക് ലഭിക്കുന്ന വിശദീകരണം. എന്നാല്‍ തന്റെ തന്റെ ജോലി നിലനിര്‍ത്താന്‍ സുപ്രീം കോടതി വരെ പോകുമെന്നാണ് സാബി പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments