പുതുവര്‍ഷ ആഘേഷങ്ങള്‍ക്കിടെ ഭീകരാക്രമണ സാധ്യത : തീവ്രവാദ വിരുദ്ധ ബ്യൂറോ

കൊച്ചിയടക്കമുള്ള ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ പുതുവര്‍ഷ ആഘേഷങ്ങള്‍ക്കിടെ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പുതുവര്‍ഷം ആഘോഷിക്കാനായി ഇന്ത്യയിലെത്തുന്ന വിദേശികളെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഇസ്രായേല്‍ തീവ്രവാദ വിരുദ്ധ ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജൂത വിഭാഗക്കാര്‍ ശബത്തു ആചരിക്കുന്ന വെള്ളിയാഴ്ചയാണ് ഇസ്രായേല്‍ സര്‍ക്കാര്‍ അടിയന്തരമായി മുന്നറിയിപ്പ് പുറത്തു വിട്ടത്. കൊച്ചി ഉള്‍പ്പെടെയുള്ള തെക്കു- പടിഞ്ഞാറന്‍ നഗരങ്ങള്‍ പുതുവര്‍ഷം ആഘോഷിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ഗോവ, പൂനെ, മുംബൈ, കൊച്ചി എന്നീ നഗരങ്ങളിലാണ് ആക്രമണത്തിന് സാധ്യതയുള്ളത്. കഴിവതും ബീച്ചുകളിലെ ആഘോഷങ്ങള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

2012-ല്‍ ഇസ്രായേലി നയതന്ത്രജ്ഞന്റെ ഭാര്യയും മറ്റ് 2 പേരും സഞ്ചരിച്ചിരുന്ന കാറില്‍ സ്‌ഫോടനമുണ്ടായി ഇവര്‍ക്ക് പരുക്കേറ്റിരുന്നു. 2008-ലെ മുംബൈ ഭീകരാക്രണം നടന്ന ഝബാദ് ഹൗസും മറ്റ് മേഖലകളും ഇസ്രായേലുകാര്‍ അധികമായി എത്താറുള്ള ഇടങ്ങളായിരുന്നു. ഇസ്രായേലികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ത്യ. വര്‍ഷാ വര്‍ഷം പട്ടാളത്തില്‍ നിന്ന് വിരമിക്കുന്ന 20,000ത്തിലധികം ഇസ്രായേലുകാര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്.