ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ഇന്ന് രാവിലെ എസ്.പി അധ്യക്ഷനും തന്റെ പിതാവുമായ മുലായം സിങ് യാദവുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തിരിച്ചെടുക്കാൻ തീരുമാനമായത്. കൂടാതെ രാംഗോപാല്‍ യാദവിനെയും തിരിച്ചെടുത്തിട്ടുണ്ട്. മുലായം സിങ് യാദവാണ് ഇക്കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇന്നലെയാണ് ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് മുഖ്യമന്ത്രിയും തന്റെ മകനുമായ അഖിലേഷിനെയും പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയും അഖിലേഷിന്റെ വിശ്വസ്തനുമായ രാംഗോപാല്‍ യാദവിനെയും പുറത്താക്കിയിരുന്നത്. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ആറു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നത്. വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി പട്ടിക മുലായം സിങ് യാദവ് പുറത്തു വിട്ടതിനു പിന്നാലെ അഖിലേഷും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ തമ്മിലുള്ള പ്രശ്‌നം രൂക്ഷമായത്.
ഇന്ന് രാവിലെ ആകെയുള്ള 229 സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എമാരില്‍ 209 എം.എല്‍.എമാരുടെ പിന്തുണ അഖിലേഷിനുണ്ടായിരുന്നു. 20 എം.എല്‍.എമാര്‍ മാത്രമാണ് മുലായം സിങിനൊപ്പം നിന്നത്. തിരക്കിട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.