Friday, May 3, 2024
HomeKeralaസൂചി കുത്താന്‍ ഇടംകൊടുത്താല്‍ തൂമ്പ കയറ്റുന്നവരാണ് ബിജെപിക്കാര്‍-വിഎസ്

സൂചി കുത്താന്‍ ഇടംകൊടുത്താല്‍ തൂമ്പ കയറ്റുന്നവരാണ് ബിജെപിക്കാര്‍-വിഎസ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും കുപ്രസിദ്ധമായ കോലീബി സഖ്യമുണ്ടായാല്‍ അത്ഭുതപ്പെടാനില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. കോണ്‍ഗ്രസിന്റെ മൊത്തത്തിലുള്ള പോക്കില്‍ അത്തരം കോലീബി സാധ്യതകള്‍ തെളിഞ്ഞു കാണുന്നുണ്ടെന്നും വിഎസ് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ചെറിയനാട് പടനിലത്തും, ചെന്നിത്തല തൃപ്പെരുന്തുറയിലും നടന്ന പൊതുയോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്. കര്‍ണാടകത്തില്‍ ജനഹിതത്തിന് നേരെ കാര്‍ക്കിച്ച്‌ തുപ്പിക്കൊണ്ടാണ് മോദിയും അമിത് ഷായും രാഷ്ട്രീയ പിത്തലാട്ടം നടത്തിയത്. പക്ഷേ തോറ്റ് പാളീസായിപ്പോയി. ജനാധിപത്യത്തിന്റെ തെരുവില്‍ ഉടുമുണ്ട് അഴിഞ്ഞുപോയവന്റെ അവസ്ഥയിലായി മോദിയും അമിത് ഷായും. ഇവിടുത്തെ ബിജെപി സ്ഥാനാര്‍ഥിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഏകാധിപതികളും ഫാസിസ്റ്റുകളുമായ മോദിയും ബിജെപിയും അധികാരവും പണവുമുപയോഗിച്ച്‌ എന്ത് ജനാധിപത്യവിരുദ്ധതയും അധാര്‍മികതയും കാണിച്ച്‌ രാജ്യത്തെ തന്നെ വിഴുങ്ങാന്‍ ശ്രമിക്കുന്നവരാണ്. മോദിയുടെയും അമിത് ഷായുടെയും വിധ്വസംക പ്രവര്‍ത്തനങ്ങളെ ചെറുത്ത് തോല്‍പിക്കേണ്ടത് അനിവാര്യമായ കാലഘട്ടമാണ്. ഇല്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യചിഹ്നമായി മാറും. ഇന്ത്യന്‍ ജനത ഈ തിരിച്ചറിവിലേക്ക് നടന്നെത്തിയെന്നതിന്റെ തെളിവാണ് കര്‍ണാടകത്തില്‍ കണ്ടത്. സൂചി കുത്താന്‍ ഇടംകൊടുത്താല്‍ തൂമ്പ കയറ്റുന്നവരാണ് ബിജെപിക്കാര്‍. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥിയും കള്ളച്ചിരിയൊക്കെ തുന്നിപ്പിടിപ്പിച്ചാണ് വോട്ടുചോദിച്ച്‌ വരുന്നതെങ്കിലും ഇനം മോദിയുടെയും അമിത് ഷായുടേയുമാണ്. ഇക്കൂട്ടരെ കാലുകുത്താന്‍ അനുവദിച്ചുകൂടാ.മോദിയും അമിത് ഷായും കണ്ണുരുട്ടിയപ്പോള്‍ കര്‍ണാടകത്തിലെ ഗവര്‍ണര്‍ മൂത്രമൊഴിച്ചുപോയി. അതുകൊണ്ടാണ് ഭരണഘടനയെ വെല്ലുവിളിച്ച്‌ ബിജെപി സര്‍ക്കാരിനെ വാഴിക്കാന്‍ ശ്രമിച്ചത്. ഭരണഘടനയേയും നിയമവ്യവസ്ഥയേയും കാറ്റില്‍ പറത്തിയ കര്‍ണാടക ഗവര്‍ണര്‍ കസേര ഒഴിയുകയാണ് വേണ്ടത്. അല്ലെങ്കില്‍ അദ്ദേഹത്തെ നീക്കാന്‍ രാഷ്ട്രപതി തയ്യാറാകണമെന്നും ഇക്കാര്യം കാണിച്ച്‌ രാഷ്ട്രപതിക്ക് കത്തയക്കുമെന്നും വിഎസ് പറഞ്ഞു. പല കോണ്‍ഗ്രസ് നേതാക്കളുടെയും ഖദര്‍ വസ്ത്രം നേരമിരുട്ടുമ്ബോള്‍ കാവി നിറമാകും. അങ്ങോട്ടുമിങ്ങോട്ടും ചാടാനും ചാടിക്കളിക്കാനും ഒരു ബുദ്ധിമുട്ടുമുള്ളവരല്ല കോണ്‍ഗ്രസുകാരെന്ന് മാലോകര്‍ക്കെല്ലാം അറിയാം. കര്‍ണാടകത്തില്‍ ബിജെപി മുഖ്യമന്ത്രിയെ വീഴ്ത്തി മതനിരപേക്ഷ സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞുവെന്നത് ശരിയാണ്. പക്ഷേ അതിന് കോണ്‍ഗ്രസ് എന്തൊക്കെ പാടുപെട്ടു. കണ്ണുതെറ്റിയാല്‍ അപ്പുറത്തേക്ക് ചാടും എന്ന മട്ടിലായിരുന്നു കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍. ഇന്നത്തെ കുട്ടികള്‍ നാളത്തെ പൗരന്‍മാര്‍ എന്നപോലെ ഇന്നത്തെ കോണ്‍ഗ്രസുകാര്‍ നാളത്തെ ബിജെപിക്കാരാണ്. ആസേതുഹിമാചലം അടക്കിവാണിരുന്ന കോണ്‍ഗ്രസിന് കൈയിലിരുപ്പുകൊണ്ടാണ് ഇന്നത്തെ ഒരുവിധി വന്നത്. അങ്ങനെയുള്ള കോണ്‍ഗ്രസിന് ബിജെപിയുടെയും സംഘപരിവാറിന്റെയും ഭീഷണി നേരിടാന്‍ കഴിയില്ല. ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനം ശക്തിപ്പെടുത്തി മാത്രമേ ബിജെപിയുടെയും സംഘപരിവാറിന്റെയും ഭീഷണി നേരിടാന്‍ കഴിയൂ.
ചെങ്ങന്നൂരില്‍ കെകെ രാമചന്ദ്രന്‍ നായര്‍ തുടങ്ങിവച്ച വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കാനും നവകേരള സൃഷ്ടിക്കായി നൂതന പദ്ധതികളുമായി മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് കരുത്തുപകരുവാനും സജി ചെറിയാനെ വിജയിപ്പിക്കണമെന്നും വിഎസ് അഭ്യര്‍ഥിച്ചു. മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ വസതിയിലെത്തി വിഎസ് കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments