Friday, May 3, 2024
HomeKeralaബിജെപിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി

ബിജെപിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി

ബിജെപിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി. ആദ്യഘട്ടം മുതൽ തന്നെ സ്ഥാനാർഥി പട്ടികയോട് ശക്തമായ എതിര്‍പ്പുള്ള വി മുരളീധരപക്ഷത്തെ നേതാക്കള്‍ വൻ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം പട്ടികയെ ചൊല്ലി കോര്‍ കമ്മിറ്റിയില്‍ നിന്ന് മുരളീധരപക്ഷം വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക തെരഞ്ഞെടുപ്പ് കമ്മിറ്റി പോലും ചേരാതെയാണ് തയ്യാറാക്കിയത് എന്ന വിമര്‍ശനമാണ് മുരളീധരപക്ഷം ഉയര്‍ത്തുന്നത്. അതിനിടെ തിരുവനന്തപുരത്ത് കെ സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യവും മുരളീധരപക്ഷം ഉയര്‍ത്തുന്നുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്.കഴിഞ്ഞ ദിവസമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത ഉള്ളവരുടെ പട്ടിക സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ദേശീയ നേതൃത്വത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ താഴെ തട്ടിലുള്ള ഘടകങ്ങളുടെ അഭിപ്രായം ചോദിക്കാതെ പിള്ള തയ്യാറാക്കിയ ‘ഊഹാപോഹ’ പട്ടികയെ ചൊല്ലി ബിജെപി നേതാക്കള്‍ തന്നെ രംഗത്തെത്തുകയായിരുന്നു.മുരളീധരപക്ഷത്തേയും കൃഷ്ണദാസ് പക്ഷത്തേയും നേതാക്കളാണ് പിള്ളയ്ക്കെതിരെ രംഗത്തെത്തിയത്. പിള്ളയ്ക്കെതിരെ ഇവര്‍ ദേശീയ നേതൃത്വത്തിന് പരാതിയും നല്‍കി പിള്ളയുടേത് ഏകപക്ഷീയമായ നീക്കമാണെന്നാണ് ഇവരുന്നയിക്കുന്ന ആക്ഷേപം.ചര്‍ച്ച ചെയ്യാതെ തോന്നിയ പേരുകള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പോലും ചേര്‍ന്നില്ല. വിശദമായ ചര്‍ച്ചകള്‍ നടത്തിയില്ല. അഖിലേന്ത്യാ സംഘടനാ സെക്രട്ടറി രാംലാല്‍ നേതാക്കളുമായി ആശയ വിനിമയം നടത്തുക മാത്രമാണ് ചെയ്തതെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമം ബിജെപിയില്‍ കടുത്ത ഭിന്നതയാണ് സൃഷ്ടിച്ചിരിക്കുന്നത്. തിരുവനന്തപരുത്ത് മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയ പി.എസ് ശ്രീധരന്‍പിള്ളയും സംഘവും കുമ്മനം സ്ഥാനാര്‍ഥിയാവുന്നതിനെ എതിര്‍ക്കുന്നുണ്ട്.വി മുരളീധരപക്ഷത്തിന് സ്വാധീനമുള്ള തൃശൂരിലാണ് കെ.സുരേന്ദ്രന്‍ മത്സരിക്കാനൊരുങ്ങുന്നത്. എ.എന്‍ രാധാകൃഷ്ണനും തൃശൂര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. തൃശ്ശൂര്‍ നല്‍കിയില്ലേങ്കില്‍ മത്സരിച്ചേക്കില്ലെന്ന ഭീഷണിയും രാധാകൃഷ്ണന്‍ മുഴക്കുന്നുണ്ട്.എന്നാല്‍ ദേശീയ നേതൃത്വത്തിന്‍റെ തിരുമാനം വന്നെങ്കില്‍ മാത്രമേ സ്ഥാനാര്‍ത്ഥി പട്ടികയുടെ കാര്യത്തില്‍ അന്തിമ തിരുമാനം കൈവരൂ. കുമ്മനത്തിനും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പള്ളിക്കും വേണ്ടി സമ്മര്‍ദ്ധം ശക്തമാണ്.അതേസമയം പിതാവിനെ പിണക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് തുഷാര്‍. തുഷാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ വെള്ളാപ്പള്ളിക്ക് ശക്തമായ എതിര്‍പ്പുണ്ട്. അതേസമയം കുമ്മനത്തിനായി ആര്‍എസ്എസും രംഗത്തുണ്ട്. കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ തടസം നില്‍ക്കുന്നുണ്ടെന്നാണ് വിവരം. കുമ്മനത്തെ രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങളേയും അനുവദിക്കണമെന്നാണ് ചില ഗവര്‍ണര്‍മാരുടെ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കെ സുരേന്ദ്രന് തന്നെ നറുക്ക് വീഴാനും സാധ്യത ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ശബരിമല വിഷയത്തില്‍ കെ സുരേന്ദ്രന് വിശ്വാസികള്‍ക്കിടയില്‍ മികച്ച പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ബിജെപി ദേശീയ നേതൃത്വവും കണക്കാക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments