Monday, May 6, 2024
HomeKeralaഡാം തുറന്നതിലെ പാളിച്ച;റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചെന്ന് എം.എം.മണി

ഡാം തുറന്നതിലെ പാളിച്ച;റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചെന്ന് എം.എം.മണി

ഡാംതുറന്നതിലെ പാളിച്ചയെക്കുറിച്ച്‌ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അമിക്കസ് ക്യൂറിക്കെതിരെ വിമര്‍ശനവുമായി വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി. റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചെന്ന് മന്ത്രി ആരോപിച്ചു. മുന്‍ യു പി എ സര്‍ക്കാരിന്റെ വക്കീലാണ് അമിക്കസ് ക്യൂറിയെന്നും റിപ്പോര്‍ട്ട് മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും മന്ത്രി കുമളിയില്‍ പറഞ്ഞു.തെറ്റായ റിപ്പോര്‍ട്ട് നല്‍കി അമിക്കസ് ക്യൂറി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും മണി പറഞ്ഞു.

ഡാമുകള്‍ ഒന്നിച്ചുതുറന്നു വിടേണ്ടി വന്നതുള്‍പ്പെടെ പ്രളയംകൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാണിക്കുന്ന റിപ്പോര്‍ട്ടാണ് കവിഞ്ഞ ദിവസം അമിക്കസ് ക്യൂറി ജേക്കബ് പി. അലക്സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡാം മാനേജ്‌മെന്റിലെ പിഴവാണ് പ്രളയത്തിന് കാരണമായതെന്നാണ് പറയുന്നത്. ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു.പ്രളയത്തിന്റെ കാരണങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്രവിദഗ്ധ അന്വേഷണ സമിതിയെ നിയോഗിക്കണമെന്നും അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments