Sunday, May 5, 2024
HomeNationalകടുത്ത പ്രതിഷേധത്തിനിടെ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയിലും പാസായി

കടുത്ത പ്രതിഷേധത്തിനിടെ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയിലും പാസായി

ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ അവസാനവര്‍ഷ ദേശീയ പരീക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുന്ന മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയിലും പാസായി. നേരത്തെ ലോക്‌സഭയിലും പാസായ ബില്‍ ഇതോടെ നിയമമാകും. രാജ്യസഭയില്‍ 101 പേര്‍ ബില്ലിനെ പിന്തുണച്ചു. 51 പേര്‍ എതിര്‍ത്തു. ഡോക്ടര്‍മാരുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബില്ല് നിയമമാകാന്‍ പോകുന്നത്. ബില്ലിലെ ശുപാര്‍ശ പ്രകാരം എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. മെഡിക്കല്‍ പിജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അവസാന വര്‍ഷ പരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനം ലഭിക്കുക.

കാര്യ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റിലേക്കുള്ള ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കുമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്ക് മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമാണിതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ബില്ലിന് പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളുകയായിരുന്നു.

ബില്‍ നിയമമാകുന്നതോടെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇല്ലാതാകും. പകരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിലവില്‍ വരും. 25 അംഗങ്ങളുള്ള മെഡിക്കല്‍ കമ്മീഷനാകും അന്തിമ തീരുമാനങ്ങള്‍ എടുക്കുക. പ്രാഥമിക ശ്രുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കും മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ ഡോക്ടര്‍മാരല്ലാത്ത വിദഗ്ധര്‍ക്കും നിയന്ത്രിത ലൈസന്‍സ് നല്‍കും. വിദേശത്ത് നിന്ന് മെഡിക്കല്‍ ബിരുദം എടുത്തവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ നെക്സ്റ്റ് പരീക്ഷ പാസാകണം.

നാഷണല്‍ എക്സിററ് ടെസ്റ്റ് എന്ന പേരിലാണ് അവസാന വര്‍ഷ എംബിബിഎസ് പരീക്ഷ നടപ്പിലാക്കുന്നത്. എയിംസ് അടക്കമുള്ള കോളേജുകളില്‍ ഇതിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം. ആയുഷ്, ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ബ്രിഡ്ജ് കോഴിസ് പാസായി അലോപ്പതി ചികിസ്ത നടത്താമെന്ന വ്യവസ്ഥ പ്രതിഷേധത്തെ തുടര്‍ന്ന് ബില്ലില്‍ നിന്നും മാറ്റിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാകും ബില്ല് വഴിവെക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments