ആറന്മുള വിമാനത്താവള പദ്ധതിക്ക് കൈമാറിയ ഭൂമിയടക്കം 293.30 ഏക്കര്‍ മിച്ചഭൂമി

aranmula airport

വ്യവസായിയായ ഏബ്രഹാം കലമണ്ണില്‍ ആറന്‍മുളയിലും ആലത്തൂരിലും അടൂരിലും കൈവശംവച്ചിരുന്ന സ്ഥലങ്ങളാണ് മിച്ചഭൂമിയാണെന്ന് കണ്ടെത്തിയത്. ആറന്‍മുളയില്‍ വിമാനത്താവള പദ്ധതിക്ക് കൈമാറിയ ഭൂമിയടക്കം 293.30 ഏക്കര്‍ മിച്ചഭൂമിയെന്ന് കണ്ടെത്തി. ആറന്‍മുളയില്‍ മാത്രം 232 ഏക്കര്‍ ഭൂമിയാണ് ഉണ്ടായിരുന്നത്.കോഴഞ്ചേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാനും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ അനു എസ്.നായര്‍ ഈ ഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് ഉത്തരവിട്ടു. ഏബ്രഹാം കലമണ്ണില്‍ വിമാനത്താവള കമ്പനിയായ കെ.ജി. എസ്.ഗ്രൂപ്പിന് വിറ്റതാണ് 232 ഏക്കര്‍ സ്ഥലം. ഈ കൈമാറ്റം അസാധുവെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഭൂമി കൈവശം വെച്ചിരുന്ന ഏബ്രഹാം കലമണ്ണിലിന് എതിരെ മിച്ചഭൂമി കേസ് എടുത്ത് നടപടി തുടങ്ങിയത്.
കേരള ഭൂപരിഷ്‌കരണ നിയമം 85ാം വകുപ്പ് പ്രകാരം കോഴഞ്ചേരി, അടൂര്‍, ആലത്തൂര്‍ താലൂക്കുകളിലുള്ള ഭൂമികളെല്ലാം ഏറ്റെടുക്കാന്‍ ഉത്തരവായിട്ടുണ്ട്. ആറന്‍മുളയില്‍ മാത്രം 232 ഏക്കറുണ്ട്. ഏഴു ദിവസത്തിനകം സ്ഥലം സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുന്നതിന് കോഴഞ്ചേരി, അടൂര്‍, ആലത്തൂര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. എബ്രഹാം കലമണ്ണില്‍ ചെയര്‍മാനായ രണ്ട് സൊസൈറ്റികള്‍ക്കും വ്യത്യസ്ഥ രജിസ്‌ട്രേഷനുകള്‍ ഉണ്ടെങ്കിലും ഭരണസമിതി അംഗങ്ങളിലും ഭാരവാഹികളിലും ഭൂരിപക്ഷവും എബ്രഹാമും കുടുംബാംഗങ്ങളുമാണെന്ന് താലൂക്ക് ലാന്‍ന്റ് ബോര്‍ഡ് കണ്ടെത്തി. ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകള്‍ മറികടന്ന് ഭൂമി സമ്പാദിക്കുന്നതിന് എബ്രഹാം രൂപവല്‍ക്കരിച്ചതാണ് രണ്ട് സൊസൈറ്റികളെന്നും ബോര്‍ഡ് യോഗം നിരീക്ഷിച്ചു. വ്യത്യസ്ഥങ്ങളായ സൊസൈറ്റികളുടെ പേരില്‍ മിച്ചഭൂമി കേസ് എടുത്തത് തെറ്റാണെന്ന എബ്രഹാമിന്റെ വാദം തള്ളി.
കെ.ജി.എസ് ഗ്രൂപ്പുമായി എബ്രഹാം നടത്തിയിട്ടുള്ള ഭൂമി കൈമാറ്റങ്ങള്‍ കേരള ഭൂപരിഷ്‌കരണ നിയമം വകുപ്പ് 84 പ്രകാരം അസാധുവാണെന്ന് യോഗം വിലയിരുത്തി. കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 81 (3) പ്രകാരമുള്ള ഇളവ് ആറന്മുള വിമാനത്താവള കമ്പനിക്ക് അനുവദിക്കേണ്ടന്ന സര്‍ക്കാര്‍ തീരുമാനവും പരിഗണിച്ചു. ആറന്മുള വിമാനത്താവള പദ്ധതി തുടരേണ്ടെന്നാണ് സര്‍ക്കാര്‍ നയം. എബ്രഹാമിനെതിരെ മിച്ചഭൂമി കേസ് ആരംഭിക്കുന്നതിന് സംസ്ഥാന ലാന്റ് ബോര്ഡ് 2012 ജൂലായ് മൂന്നിന് കോഴഞ്ചേരി താലൂക്ക് ലാന്റ് ബോര്‍ഡിന് അനുമതി നല്‍കിയിരുന്നു. 2013 ഏപ്രില്‍ 10ന് മിച്ചഭൂമി പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.കെ.ജി.എസ്. ഗ്രൂപ്പിന്റെ വാദം കൂടി കേട്ട് തീരുമാനം എടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. ആ നടപടിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.