ടെസ്റ്റ് പരന്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോടല്ല, സാം കുറാനോടാണു പരാജയപ്പെട്ടതെന്ന് ഇന്ത്യന്‍ ടീം പരിശീലകന് രവി ശാസ്ത്രി. ക്രിക് ഇന്‍ഫോ വെബ്സൈറ്റിനു നല്കിയ അഭിമുഖത്തിലായിരുന്നു ശാസ്ത്രിയുടെ പരാമര്‍ശം. നിര്‍ണായക ഘട്ടങ്ങളില്‍ ടീം എന്നതിലുപരി കുറാന് ഒറ്റയ്ക്ക് ഇംഗ്ലണ്ടിനെ തോളിലേറ്റുകയായിരുന്നെന്നും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും ശാസ്ത്രി അവകാശപ്പെട്ടു.ഞങ്ങള്‍ ഇംഗ്ലണ്ടില്‍ പൂര്‍ണമായി പരാജയപ്പെട്ടെന്നു ഞാന്‍ പറയില്ല. ശരിയായ ആള്‍ക്കു ക്രെഡിറ്റ് കൊടുക്കണം. എന്നോടും വിരാട് കോഹ്ലിയോടും പരന്പരയുടെ താരത്തെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാന്‍ ഞങ്ങള്‍ ഇരുവരും കുറാനെ തെരഞ്ഞെടുക്കും. കുറാന്റെ സ്കോറിംഗ് മികവാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. ഇംഗ്ലണ്ടിനേക്കാള്‍, കുറാനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്- ശാസ്ത്രി പറഞ്ഞു. നിര്‍ണായക ഘട്ടങ്ങളില്‍ കുറാന് ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇംഗ്ലണ്ടിനെ രക്ഷിച്ചെന്നും അതായിരുന്നു ഇരുടീമുകളും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അഞ്ചു മത്സര പരന്പരയില്‍ 4-1 എന്ന നിലയിലാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് അടിയറവു പറഞ്ഞത്. 273 റണ്‍സും 11 വിക്കറ്റും ഇരുപതുകാരനായ കുറാന് പരന്പരയില്‍ നേടി. വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടെങ്കിലും ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തു തുടരുകയാണ്.