ഏഡൻ ഹസാർഡ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു

ബെൽജിയം ക്യാപ്റ്റൻ ഏഡൻ ഹസാർഡ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. 31 വയസ് മാത്രം പ്രായമുള്ള താരം ബെൽജിയത്തിൻ്റെ ഏറ്റവും പ്രതിഭാധനരായ താരങ്ങളിൽ ഒരാളാണ്. ഖത്തർ ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ബെൽജിയം പുറത്തായതിനു പിന്നാലെയാണ് ഹസാർഡിൻ്റെ വിരമിക്കൽ. നാലാം വയസിൽ നാട്ടിലെ അക്കാദമിയിലൂടെ കളി ആരംഭിച്ച ഹസാർഡ് 16ആം വയസിൽ ഫ്രഞ്ച് ക്ലബ് ലിലെയിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. തൊട്ടടുത്ത വർഷം ബെൽജിയം ദേശീയ ടീമിലും ഹസാർഡ് ഇടം നേടി. 245 മത്സരങ്ങളിൽ നിന്ന് ഹസാർഡ് 85 ഗോളുകൾ നേടി. ബെൽജിയത്തിൻ്റെ അണ്ടർ 15 മുതൽ 19 വരെ എല്ലാ ഏജ് ഗ്രൂപ്പിലും കളിച്ച ഹസാർഡ് ദേശീയ ജഴ്സിയിൽ 126 മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടി. ലീഗ് വൺ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, യൂറോപ്പ ലീഗ്, ലാ ലിഗ, ചാമ്പ്യൻസ് ലീഗ് തുടങ്ങി നിരവധി കിരീടങ്ങൾ നേടിയിട്ടുള്ള ഹസാർഡ് 2018 ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ബെൽജിയം ടീമിൽ അംഗമായിരുന്നു. താരത്തിന് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പരുക്കും ഫോമില്ലായ്‌മയും കൊണ്ട് ബുദ്ധിമുട്ടിയിരുന്നു