Friday, December 6, 2024
Homeപ്രാദേശികംഅറവുശാലയിലെത്തിച്ച പശു പ്രസവിച്ചു

അറവുശാലയിലെത്തിച്ച പശു പ്രസവിച്ചു

പത്തനംതിട്ട നഗരസഭയുടെ അറവുശാലയില്‍ മൃഗങ്ങളോടുള്ള ക്രൂരത തുടരുന്നു. ഇന്നലെ അറവുശാലയിലെത്തിച്ച പശു പ്രസവിച്ചതാണ് നിയമങ്ങള്‍ പാലിക്കാത്തതിന്റെ അവസാന സാക്ഷ്യപ്പെടുത്തല്‍.
നഗരസഭയുടെ മൃഗഡോക്ടര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ പശുവാണ് ജീവന്‍ നഷ്ടമാകുന്നതിന് മുമ്പ് പ്രസവിച്ചത്.
സംഭവം നാട്ടുകാര്‍ അറിഞ്ഞതിനാല്‍ പശുവും കിടാവും സുരക്ഷിതരായി. ഇന്നലെ രാവിലെ റിങ്‌റോഡിന്റെ അരികിലുള്ള നഗരസഭയുടെ അറവുശാലയ്ക്ക് സമീപമാണ് സംഭവം. കശാപ്പ് ചെയ്യുന്നതിന് മുന്‍പ് ഉരുക്കളെ ഡോക്ടര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം. ഇങ്ങനെ പരിശോധിച്ച പശു പ്രസവിച്ചതോടെ, പരിശോധന പ്രഹസനമാണെന്നത് വീണ്ടും വ്യക്തമായി. വിവരമറിഞ്ഞ് നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും എത്തിയതോടെ പശുവിനെ കശാപ്പു ചെയ്യാനും കഴിഞ്ഞില്ല. ഇതിന് മുന്‍പ് രണ്ടു തവണ ഇവിടെ കശാപ്പിന് കൊണ്ടുവന്ന പശുക്കള്‍ പ്രസവിച്ചിരുന്നതായും അന്ന് കിടാവിനെ കുഴിച്ചിട്ട ശേഷം തള്ളയെ കശാപ്പു ചെയ്തതായി ജീവനക്കാര്‍തന്നെ പറയുന്നു. പിന്നീടൊരിക്കല്‍ പ്രസവിച്ച ആടിനെയും ഇങ്ങനെ തന്നെ കശാപ്പ് ചെയ്തിരുന്നു. കൃത്യമായ പരിശോധന കൂടാതെയാണ് മൃഗങ്ങളെ കശാപ്പു ചെയ്യുന്നതെന്ന് ഇതോടെ വെളിവായിരിക്കുകയാണ്. വ്യാപക പ്രതിഷേധമാണ് സംഭവത്തില്‍ ഉയര്‍ന്നിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments