കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ ശ്രമം നടത്തുമെന്ന്: തോമസ് ചാണ്ടി

Thomas Chandy

കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ ശ്രമം നടത്തുമെന്ന് നിയുക്ത ഗതാഗത മന്ത്രി തോമസ് ചാണ്ടി. മറ്റ് സംസ്ഥാനങ്ങളിലെ ലാഭത്തിലായ പൊതുഗതാഗത സംവിധാനങ്ങളെ കുറിച്ച് പഠിക്കും. ഇത് കേരളത്തിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങൾക്ക് നല്ല സേവനം നൽകുന്ന വകുപ്പാക്കി ഗതാഗത വകുപ്പിനെ മാറ്റും. മന്ത്രിസ്ഥാനത്തിലൂടെ വലിയ ചുമതലയാണ് ഏറ്റെടുക്കുന്നതെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.

കുട്ടനാടിന്‍റെ വികസനത്തിനായി കൂടുതൽ പദ്ധതികളും ഫണ്ടും സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. കേന്ദ്രസർക്കാറിൽ നിന്ന് കുട്ടനാടിന് പ്രത്യേക പാക്കേജിനായി സർക്കാർ വീണ്ടും ശ്രമിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനായി രാജ്ഭവനിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.