ഗതാഗത മന്ത്രിയായി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു

thomas chandy oath

വിവാദ ടെലിഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ എ കെ ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലേക്കാണ് കുട്ടനാട് എംഎല്‍എയായ അദ്ദേഹം മന്ത്രിയാകുന്നത്

കേരള മന്ത്രിസഭയിലെ പുതിയ ഗതാഗത മന്ത്രിയായി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ തോമസ് ചാണ്ടിക്ക്‌ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എന്‍സിപി ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗമായ തോമസ് ചാണ്ടി കുട്ടനാട് മണ്ഡലത്തില്‍നിന്ന് മൂന്നാംതവണയാണ് വിജയിച്ചത്. വിവാദ ടെലിഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ എ കെ ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലേക്കാണ് കുട്ടനാട് എംഎല്‍എയായ അദ്ദേഹം മന്ത്രിയാകുന്നത്. തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന എന്‍സിപി സംസ്ഥാനകമ്മിറ്റി തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പാര്‍ടി പ്രതിനിധിയായി തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. എല്‍ഡിഎഫ് സംസ്ഥാനകമ്മിറ്റി യോഗവും അംഗീകരിച്ചതോടെയാണ് തോമസ്ചാണ്ടി മന്ത്രിസഭയിലേക്ക് എത്തിയത്.